
കൊച്ചി: കുടുംബശ്രീ ലോണിന്‍റെ പേരിൽ വിധവ പെൻഷനടക്കം പിടിച്ചുവെച്ച് പൊതുമേഖല ബാങ്ക്. കൊച്ചി മാലിപ്പുറത്തെ സുലോചന എന്ന സ്ത്രീക്കാണ് വലിയ രീതിയിലുള്ള അനീതി നേരിടേണ്ടി വന്നത്. ക്യാന്‍സര്‍ രോഗിയായ സുലോചനയുടെ പെന്‍ഷൻ നാലുമാസമാണ് ബാങ്ക് പിടിച്ചുവെച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ലിങ്കേജ് വായ്പയുടെ തിരിച്ചടവ് സുലോചന അംഗമായ കുടുംബശ്രീ സംഘം മുടക്കിയിരുന്നു. ഇതോടെ സുലോചനയുടെ അക്കൗണ്ടിലെ വിധവ പെൻഷനും, ചുമട്ട് തൊഴിലാളി ക്ഷേമനിധി പെൻഷനുമായി 18,000 രൂപ യൂണിയൻ ബാങ്ക് തടഞ്ഞ് വെക്കുകയായിരുന്നു. 8,000 രൂപയോളമാണ് സുലോചനയുടെ അക്കൗണ്ടിൽ നിന്ന് സംഘത്തിന്‍റെ വായ്പയിലേക്ക് പോയത്.
കടക്കെണിയും ബാങ്കിന്‍റെ ജപ്തി ഭീഷണിയിലും ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സുലോചന ഈ അനീതിക്കെതിരെ ബാങ്കിനു മുന്നില്‍ സമരമിരുന്നു. രോഗാവസ്ഥയിൽ സുലോചന സമരമിരുന്നതോടെയാണ് പണം തിരിച്ച് നൽകാൻ യൂണിയൻ ബാങ്ക് തീരുമാനിച്ചത്. നാല് മാസം ബാങ്കിൽ കയറിയിറങ്ങിയിട്ടും നടക്കാത്തത് സുലോചന സമരമിരുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ നടന്നു.
സുലോചനയുടെ വീട് നിലവില്‍ ജപ്തി ഭീഷണിയിലാണ്. മകളുടെ വിവാഹ ആവശ്യത്തിന് ഓച്ചൻതുരുത്ത് സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് എടുത്ത രണ്ടരലക്ഷം രൂപ പലിശയടക്കം ഏഴ് ലക്ഷം രൂപയായി. 25 വർഷം മുൻപ് ഭർത്താവ് മരിച്ച സുലോചന കൂലിപ്പണിയെടുത്താണ് മൂന്ന് പെൺമക്കളെ വളർത്തിയത്. മക്കൾ വിവാഹിതരായി. പരിമിതികളിലും ഇവര്‍ അമ്മയെ സഹായിക്കുന്നുണ്ട്. എന്നാൽ ക്യാൻസർ ചികിത്സാ ചിലവും വീടിന്‍റെ വായ്പ തിരിച്ചടവും താങ്ങാനുള്ള സാഹചര്യത്തിലല്ല ഈ കുടുംബം.