പതിവ് തെറ്റിക്കുന്ന എസ്എഫ്ഐ- കെഎസ്യു ബാനർ പോര്, ക്രിയാത്മക മറുപടികളിൽ ആശങ്ക കോളേജ് അധികൃതർക്ക് മാത്രം

By Web TeamFirst Published Aug 12, 2022, 11:03 PM IST
Highlights

 എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ആവശ്യപ്പെട്ടതിനെ ചൊല്ലി എറണാകുളം മഹാരാജാസ് കോളേജിൽ ബാനർ യുദ്ധം. ഹൈബിയ്ക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറിന് മറുപടിയുമായി കെഎസ്‍യു രംഗത്തെത്തി

എറണാകുളം: എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ആവശ്യപ്പെട്ടതിനെ ചൊല്ലി എറണാകുളം മഹാരാജാസ് കോളേജിൽ ബാനർ യുദ്ധം. ഹൈബിയ്ക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറിന് മറുപടിയുമായി കെഎസ്‍യു രംഗത്തെത്തി. ക്യാമ്പസിൽ രാഷ്ട്രീയ വിമർശനങ്ങളെ കായികമായി നേരിടുന്ന പതിവ് രീതിയ്ക്ക് വന്ന മാറ്റം വിദ്യാർത്ഥികൾക്കിടയിൽ കൗതുകമായിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഹൈബി ഈ‍ഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ച ഈ ആവശ്യമാണ് ബാനർ യുദ്ധത്തിന്‍റെ തുടക്കം. പിന്നാലെ മാഹാരാജാസ് കോളേജിന് മുന്നിൽ ഹൈബിയ്ക്ക് മറുപടിയുമായി എസ്എഫ്ഐ ബാനർ ഉയർന്നു. ഒരൊറ്റ ദിവസത്തെ ഇടവേള, കെഎസ്‍യുവിന്‍റെ മറുപടി വന്നു. തീർന്നെന്ന് കരുതിയിടത്ത് പിറ്റേ ദിവസം കെഎസ്‍യുവിന് എസ്എഫ്ഐയുടെ മറുപടി.

രാഷ്ട്രീയ വിമർശനമുന്നയിക്കുന്ന ബാനറുകളോ പോസ്റ്ററുകളോ ക്യാമ്പസിൽ ഉയർന്നാൽ വലിച്ചുകീറി കളയുന്നതാണ് രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകളുടെ പൊതുരീതി. പിന്നാലെ വിദ്യാർത്ഥി സംഘട്ടനവും. ഇതിൽ നിന്ന് മാറി വിമർശനങ്ങൾക്ക് ക്രിയാത്മക മറുപടി ഉയരുന്നത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അത്ഭുതമായിരിക്കുകയാണ്.   ബാനർ യുദ്ധത്തിൽ മുന്നിൽ നിൽക്കുന്ന എസ്എഫ്ഐക്ക് അടുത്ത ബാനറിലൂടെ മറുപടി നൽകുമെന്നാണ് കെഎസ്‍യുവിന്‍റെ നിലപാട്. രണ്ട് കൂട്ടരും ഈ നില തുടർന്നാൽ കോളേജിന്‍റെ മുൻവശം ബാനറുകളാൽ നിറയുമോ എന്ന ആശങ്കയിലാണ് കോളേജ് അധികൃതർ.

Read more:  ക്യാമ്പസില്‍ ബാനര്‍ പോര്; എസ്എഫ്ഐ-കെഎസ്‍യു നേര്‍ക്കുനേര്‍, അടിയന്തരാവസ്ഥയുടെ നെറികേട് ഓര്‍മ്മിപ്പിച്ച് എസ്എഫ്ഐ

വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ നിരോധിക്കണമെന്ന ആവശ്യം ഹൈബി ഈഡൻ എംപി പാർലമെന്‍റിൽ ഉന്നയിച്ചതോടെയാണ് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മിലുള്ള ബാനര്‍ പോര് തുടങ്ങിയത്. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹൈബി ഈഡൻ പാർലമെന്‍റിൽ വിഷയം അവതരിപ്പിച്ചത്. ശൂന്യ വേളയിലായിരുന്നു ഹൈബി ഇത് ഉന്നയിച്ചത്. കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവിനോടായിരുന്നു ഹൈബി, ലോ കോളേജ് വിഷയം ഉന്നയിച്ച് നിരോധന ആവശ്യം ഉന്നയിച്ചത്.

ക്രമസമാധാനം സംബന്ധിച്ച വിഷയം സംസ്ഥാന സർക്കാരിന്‍റെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. അതുകൊണ്ടുതന്നെ ഇത് കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയതായും നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ നിർദ്ദേശിച്ചതായും നിയമമന്ത്രി അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ ലോ കോളേജിൽ നടന്ന സംഘർഷമാണ് പാർലമെന്‍റിൽ ഹൈബി വിഷയമാക്കിയത്.

Read more: ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന് എന്ന് എസ്എഫ്ഐ, അവര്‍ ജനഹൃദയങ്ങളിലെന്ന് കെഎസ്‍യു; ബാനര്‍ പോര്

കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തര്‍ക്കം പിന്നീട് സംഘഷത്തിന് വഴിവയ്ക്കുകയായിരുന്നു.  കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യൂണിയൻ ഉദ്ഘാടന ദിനത്തിലും തുടർന്നത്. എസ്എഫ് ഐ - കെ എസ് യു പ്രവര്‍ത്തകര്‍ കോളേജിൽ ഏറ്റുമുട്ടിപ്പോൾ കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് സഫ്ന അടക്കം രണ്ട് പേര്‍ക്ക് കാര്യമായി പരിക്കേറ്റു. സഫ്നയെ എസ് എഫ് ഐ പ്രവർത്തകർ വലിച്ചിഴച്ച് മർദ്ദിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കടന്നതോടെ സംഭവം വലിയ തോതിൽ ചർച്ചയായി. ഈ സംഭവങ്ങൾക്ക് ശേഷമുള്ള സമാധാനപരമായ രാഷ്ട്രീയ ചർച്ചകളാണ് ഏവർക്കും കൌതുകമുണർത്തുന്നത്.

click me!