തൃശ്ശൂരിൽ നായകളുമായെത്തി ബാർ അടിച്ചുതകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ

By Web TeamFirst Published Oct 4, 2019, 9:31 AM IST
Highlights

പണം നൽകിയാൽ മാത്രമേ ഫോൺ നൽകുകയുള്ളുവെന്ന് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് ബാറിൽ നിന്ന് പുറത്തേക്കുപോയ യുവാക്കൾ നാല് ജർമ്മൻ ഷെപ്പേഡ് നായകളുമായി തിരിച്ചെത്തി ബാർ ആക്രമിക്കുകയായിരുന്നു. 

തൃശ്ശൂർ: പഴയന്നൂരിൽ നാല് ജർമ്മൻ ഷെപ്പേർഡ് നായകളുമായെത്തി യുവാക്കൾ ബാർ അടിച്ചു തകർച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കേസിലെ മുഖ്യപ്രതികളായ തൃശ്ശൂർ പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖ് (34), അഞ്ചേരി കുറിയച്ചിറ നെല്ലിക്കൽ വൈശാഖ് എന്നിവരാണ് പിടിയിലായത്.

പഴയന്നൂർ രാജ് ബാറിൽ സെപ്തംബർ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചതിന്റെ പണം നൽകാതിരുന്നതിനെത്തുടർന്ന് ബാർ ജീവനക്കാർ പ്രതികളുടെ മൊബൈൽ ഫോൺ പിടിച്ചുവച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പണം നൽകിയാൽ മാത്രമേ ഫോൺ നൽകുകയുള്ളുവെന്ന് ജീവനക്കാർ പറഞ്ഞതിനെ തുടർന്ന് ബാറിൽ നിന്ന് പുറത്തേക്കുപോയ യുവാക്കൾ നാല് ജർമ്മൻ ഷെപ്പേഡ് നായകളുമായി തിരിച്ചെത്തി ബാർ ആക്രമിക്കുകയായിരുന്നു.

യുവാക്കൾ ബാർ അടിച്ചുതകർക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായിരുന്നു. മാരാകായുധങ്ങൾ ഉപയോ​ഗിച്ചാണ് യുവാക്കൾ ബാറിന്റെ ചില്ലുകളും കംപ്യൂട്ടറുകളും അടിച്ചുതകർത്തത്. നായ്ക്കളും വടിവാളുമായി എത്തിയ യുവാക്കളെ കണ്ടതോടെ ജീവനക്കാരും നാട്ടുകാരും ഭയന്നോടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Read More: തൃശ്ശൂരിൽ ജർമ്മൻ ഷെപ്പേർഡ് നായകളുമായെത്തി യുവാക്കൾ ബാർ അടിച്ചുതകർത്തു

സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന പ്രതികൾക്കായി പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രതികൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കാതിരുന്നത് അന്വേഷണം പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്ബുക് ലൈവിൽ വന്ന പ്രതികളെ തന്ത്രപരമായി പൊലീസ് പിടികൂടുകയായിരുന്നു. പ്രതികൾ ഇരുവരും നായ്ക്കളെ പരിശീലിപ്പിക്കുന്നവരാണ്.  

click me!