ബാർകോഴ: 3 എംഎൽഎമാർക്കെതിരെ അന്വേഷണ അനുമതി തേടി സ്പീക്കർക്ക് കത്ത്

By Web TeamFirst Published Nov 26, 2020, 8:22 AM IST
Highlights

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവ‍ർ കോഴ വാങ്ങിയെന്നാണ് ബാറുടമ ബിജുരമേശിന്‍റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു. 

തിരുവനന്തപുരം: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണ അനുമതി ആവശ്യപ്പെട്ട് സർക്കാർ സ്പീക്ക‍ർക്ക് കത്തു നൽകി. ഗവർണ്ണറുടെ അനുമതി ആവശ്യപ്പെടാൻ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി. അതേ സമയം ബാറുടമകള്‍ തമ്മിലുള്ള തർക്കം അന്വേഷണത്തിന് തിരിച്ചടിയാകും.

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവ‍ർ കോഴ വാങ്ങിയെന്നാണ് ബാറുടമ ബിജുരമേശിന്‍റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നൽകുകയും ചെയ്തിരുന്നു. അതിൻറെ തുടർച്ചയായാണ് സ്പീക്കറുടെയും അനുമതി തേടിയത്. എംഎൽഎമാർക്കെതിരായ അന്വേഷണം എന്ന നിലക്കാണ് സ്പീക്കറുടെ അനുമതി തേടിയിരിക്കുന്നത്. അതേ സമയം ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവണറുടെ അനുമതി ആവശ്യമാണോ എന്നതിൽ അവ്യക്തതയുണ്ട്. 

ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഫയൽ കൈമാറി. മുൻമന്ത്രിമാർക്കെതിരായ അന്വേഷണത്തിനാണ് ഗവർണ്ണറുടെ അനുമതി വേണ്ടത്. പണം കൈമാറി എന്ന് ബിജുരമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. നേരത്തെ അന്വേഷിച്ച് തള്ളിയ കേസിൽ വീണ്ടും അനുമതി നൽകരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയും ഗവണർക്ക് കത്ത് നൽകിയിട്ടുണ്ട്. നേരത്തെ ചെന്നിത്തലക്കെതിരെ അന്വേഷണം നടത്തിയിട്ടില്ലെന്നും പുതിയ വെളിപ്പെടുത്തലുകളും ചൂണ്ടികാട്ടിയാകും സർക്കാർ റിപ്പോർട്ട് നൽകുക.

അതേ സമയം, കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ ബാറുടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസി‍ഡണ്ട് രംഗത്ത് വന്നത് വിജിലൻസിന് തിരിച്ചടിയാകും. പണം കൈമാറിയില്ലെന്നായിരുന്നു വി സുനിൽകുമാറിന്‍റെ വാദം. മാണിക്കും ബാബുവിനുമെതിരായ കോഴ ആരോപണങ്ങൾ വിജിലൻസിന് തെളിയിക്കാൻ കഴിയാതിരുന്നതും ബാറുടമകൾ മൊഴി നൽകാത്തുകൊണ്ടാണ്. 2011 മുതൽ 2014 ബാറുടമകളിൽ നിന്നും 27 കോടി രൂപ പിരിച്ചുവെന്ന് കണ്ടെത്തിയ വിജിലൻസിന് ഈ പണം എവിടേക്ക് പോയെന്ന് കണ്ടെത്താനായിട്ടുമില്ല. 

click me!