
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ അവസ്ഥ വരും മുമ്പ് പിണറായി വിജയൻ രാജിവെക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്‍റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്.
കോടികളാണ് സർക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാർ ഉടമ അസോസിയേഷൻ നേതാവിന്‍റെ ശബ്‍ദരേഖ ഈ സർക്കാരിന്‍റെ മുഖം കൂടുതൽ വികൃതമാക്കുന്നതാണ്. മദ്യശാലകൾ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നൽകി അധികാരത്തിലെത്തിയ ഇടത് സർക്കാർ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്.
ഇത് കേരളത്തെ മദ്യത്തിൽ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സർക്കാരിന്‍റേതിന് സമാനമായ രീതിയിലാണ് എൽഡിഎഫും മുന്നോട്ട് പോകുന്നത്. ദില്ലി ബാർക്കോഴ കേസിൽ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് കോൺഗ്രസും സിപിഎമ്മും രംഗത്ത് വന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്‍റെ സാമൂഹ്യ ജീവിതം തകർക്കുന്ന ബാർക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam