
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ (Dileep) അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടീസ്. സാക്ഷികളെ മൊഴിമാറ്റാനായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് ദിലീപിന്റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിൽ നോട്ടീസ് നൽകിയത്. ബി രാമൻ പിള്ള (B Raman pillai), സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം.
പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെൻറ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായിട്ടില്ല.
തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിൻറെ ഫോണുകൾ. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധൻറെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ അതിജീവിത ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ ദിലീപിൻറെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം നിലച്ചുപോകുകയായിരുന്നു.
നടിയെ ആക്രമിച്ച കേസ്: ദിലീപിന് വേണ്ടി സാക്ഷിയായ ഡോക്ടറെ സ്വാധീനിച്ച് സൂരജ്, ഫോൺ സംഭാഷണം പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വേണ്ടി സാക്ഷിയെ സ്വാധീനിക്കുന്ന മൊബൈൽ ഫോൺ സംഭാഷണം പുറത്ത്. ഡോക്ടർ ഹൈദരലിയും ദിലീപിൻറെ സഹോദരി ഭർത്താവ് സൂരജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ദിലീപിന് അനുകൂലമായി മൊഴി നൽകാൻ സൂരജ് ഡോക്ടറിനോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. നടി ആക്രമിക്കപ്പെടുമ്പോൾ ആലുവയിലെ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപിൻറെ വാദം. ഇങ്ങനെയായിരുന്നു ആദ്യം ദിലീപ് മൊഴി നൽകിയിരുന്നത്. എന്നാലിത് തെറ്റാണെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. ദിലീപ് അഡ്മിറ്റ് ആയിരുന്നില്ലെന്ന് ഡോക്ടർ ഹൈദരലി ആദ്യം മൊഴി നൽകിയിരുന്നു. ഈ മൊഴി തിരുത്താനാണ് ആവശ്യപ്പെടുന്നത്.
രേഖകൾ പൊലീസിന്റെ കൈവശം ഉണ്ടന്നു ഡോക്ടർ പറയുമ്പോൾ ആ തെളിവിന് പ്രസക്തിയില്ല, കോടതിക്ക് നൽകുന്ന മൊഴിയാണ് ഇനി പ്രധാനമെന്നു സൂരജ് മറുപടി നൽകുന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ വക്കീൽ നോക്കുമെന്നും ഡോക്ടർ വക്കീൽ പഠിപ്പിക്കുന്നതപോലെ പറഞ്ഞാൽ മതിയെന്നും സംഭാഷണത്തിലുണ്ട്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ പിന്നീട് കൂറ് മാറി ദിലീപിന് അനുകൂലമായി മൊഴി നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam