കൊച്ചി: സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‍ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളുടെ എണ്ണം വളരെക്കുറവാണെന്നും, അയൽസംസ്ഥാനങ്ങളിൽ ഇതിനേക്കാൾ മദ്യശാലകളുണ്ടല്ലോ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. അയൽസംസ്ഥാനങ്ങളിൽ രണ്ടായിരം മദ്യവിൽപ്പനശാലകളുള്ളപ്പോൾ കേരളത്തിൽ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയിൽ ഇതിനേക്കാൾ കൂടുതൽ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവിൽപ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടാൻ നടപടിയെടുത്തുകൂടേ എന്നും ഹൈക്കോടതി ചോദിച്ചു.
ഇതിന് മറുപടിയായി സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‍ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടികളെടുത്തെന്നും എക്സൈസ് കമ്മീഷണർ ഹൈക്കോടതിയിൽ വ്യക്തമാക്കി. വൻ തിരക്കും മണിക്കൂറുകൾ നീളുന്ന ക്യൂവും ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പരിസരത്തുള്ള ഔട്ട്‍ലെറ്റും, തൃശ്ശൂർ കുറുപ്പം റോഡിലുള്ള ബവ്റിജസ് ഔട്ട്‍ലെറ്റും പൂട്ടിയതായി ബെവ്കോ കോടതിയെ അറിയിച്ചു. ബെവ്കോ ഇതുവരെ സ്വീകരിച്ച നടപടികളിൽ സംതൃപ്തിയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.
മദ്യവിൽപ്പന ഔട്ട്ലറ്റുകൾക്ക് മുന്നിൽ വൻ ആൾക്കൂട്ടമുണ്ടാകുന്നതിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചതിനെത്തുടർന്ന് അടിയന്തരമായി ജീവനക്കാർക്ക് ബെവ്‍കോ സർക്കുലർ നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജീവനക്കാർക്ക് ബെവ്കോ നിർദേശം നൽകി. ആൾക്കൂട്ടം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് സർക്കുലറിൽ ബെവ്കോ പറയുന്നു.
ആൾക്കൂട്ടം ഒഴിവാക്കാൻ ബെവ്കോ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ഇങ്ങനെ: ഔട്ട്ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം. അനൗൺസ്മെന്‍റ് നടത്തണം. ടോക്കൺ സമ്പ്രദായം നടപ്പാക്കണം. പോലീസിന്‍റെ സഹായം തേടണം. മദ്യം വാങ്ങാനെത്തുന്നവർക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നൽകണം. ആളുകൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ വട്ടം വരച്ച് അതിനകത്ത് മാത്രമേ ആളുകളെ നിർത്താവൂ. നിയന്ത്രിക്കാൻ പൊലീസ് സഹായം ഉറപ്പ് വരുത്താം.
കൗണ്ടറുകളുടെ എണ്ണം കൂട്ടുമ്പോൾ, നിലവിലുള്ള രണ്ട് കൗണ്ടറുകളുടെ സ്ഥാനത്ത് ആറ് കൗണ്ടറുകൾ വേണമെന്നാണ് നിർദേശം. അടിസ്ഥാന സൗകര്യം കുറവുള്ള ഷോപ്പുകൾ മാറ്റണം. 30 ലക്ഷത്തിൽ കൂടുതൽ കച്ചവടം നടക്കുന്ന ഔട്ട്ലറ്റുകളിലെ ഫോട്ടോയും വീഡിയോയും അയക്കണമെന്നും ബെവ്കോ ആവശ്യപ്പെടുന്നു. അതിർത്തികളിലും നഗരത്തിലും വലിയ തിരക്കുണ്ടെന്ന് ബെവ്കോ തന്നെ സമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ.
നേരത്തേ ഹൈക്കോടതി നടത്തിയത് രൂക്ഷവിമർശനം
മദ്യക്കടകളിലെ ആള്‍ക്കൂട്ടത്തിൽ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നത്. രാജ്യത്തെ കൊവിഡ് രോഗികളിൽ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലയ്ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടികളുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോൾ മദ്യവില്‍പന ശാലകള്‍ക്ക് മുന്നിൽ അഞ്ഞൂറിലധികം പേര്‍ ക്യൂ നില്‍ക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഒരു സാമൂഹിക അകലവും പാലിക്കാതെയുള്ള മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുകയെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ചോദ്യം. ഹൈക്കോടതി പരിസരത്തെ ബെവ്കോ ഔട്ട്‍ലെറ്റിന് മുന്നിൽപോലും വൻ ആൾക്കൂട്ടമാണ്. ബെവ്കോയുടെ നിസ്സഹായാവസ്ഥയല്ല, ജനങ്ങളുടെ ആരോഗ്യമാണ് കോടതിയ്ക്ക് പ്രാധാന്യമെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.
രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലാണ്. കല്യാണത്തിനും മരണത്തിനും ഇരുപത് പേരെ മാത്രം അനുവദിക്കുമ്പോള്‍ മദ്യക്കടകളിലെ ക്യൂവില്‍ കണക്കില്ലാത്ത ആൾക്കൂട്ടമാണ്. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകില്ലെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു. മദ്യക്കടകള്‍ക്ക് മുന്നിലുള്ള ആൾക്കൂട്ടങ്ങൾക്ക് മൗനാനുവാദം നല്‍കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്യവില്‍പന ബെവ്കോയുടെ കുത്തകയാണ്. എന്നാൽ മദ്യം വാങ്ങാനെത്തുന്നവരുടെ അന്തസ്സിന് ബെവ്കോ ഒരു പരിഗണനയും നൽകുന്നില്ല. എന്തോ നിരോധിത വസ്തു വിൽപ്പന നടത്തുകയാണെന്ന രീതിയിലാണ് മദ്യ വിൽപ്പനയെന്നും കോടതി വ്യക്തമാക്കി.
തൃശ്ശൂർ കുറുപ്പം റോഡിലെ ബവ്റിജസ് കോർപ്പറേഷന്‍ ഔട്ട്ലെറ്റിലെ ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന ഉത്തരവ് പാലിക്കാത്തതിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona