'കൊന്നതല്ല, ആത്മഹത്യയാണ്, മറ്റ് വഴികളില്ലാതിരുന്നു, കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടു'; ആവർത്തിച്ച് നൗഷാദ്, കൂടുതൽ വിവരങ്ങൾ പുറത്ത്

Published : Jul 09, 2025, 02:57 PM IST
accused naushad

Synopsis

ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ നൗഷാദിനെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍റേത് കൊലപാതകമല്ലെന്ന് പോലീസിനോട് ആവര്‍ത്തിച്ച് മുഖ്യപ്രതി നൗഷാദ്. ഹേമചന്ദ്രന്‍ ജീവനൊടുക്കിയതാണെന്നും മറ്റു വഴികളില്ലാതിരുന്നതിനാല്‍ മൃതദേഹം കാട്ടില്‍ കൊണ്ടു പോയി കുഴിച്ചിടുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു. സാമൂഹ്യമാധ്യമം വഴി നേരത്തെ ഇതേ വാദം പ്രതി ഉന്നയിച്ചിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ നൗഷാദിനെ അന്വേഷണ സംഘം കോഴിക്കോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

വിദേശത്തേക്ക് കടന്നു കളഞ്ഞ ഹേമചന്ദ്രന്‍ കൊലക്കേസിലെ മുഖ്യപ്രതി നൗഷാദ് വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞതോടെ ഇന്നലെ രാവിലെയാണ് ബംഗളൂരു വിമാനത്താവളത്തിലെത്തിയത്. ലുക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെച്ച് വിവരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസില്‍ അറിയിച്ചു. അന്വേഷണ സംഘം ഇന്നലെ രാത്രിയില്‍ കസ്റ്റഡിയില്‍ വാങ്ങിയ നൗഷാദിനെ ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

എന്നാല്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയിട്ടില്ലെന്ന വാദമാണ് ചോദ്യം ചെയ്യലില്‍ നൗഷാദ് ആവര്‍ത്തിക്കുന്നത്. താനുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ഹേമചന്ദ്രൻ പണം നല്‍കാനുണ്ട്. ഈ പണം മൈസൂരു സ്വദേശിയില്‍ നിന്നും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലെത്തിയ ഹേമചന്ദ്രന്‍ ആവശ്യപ്പെട്ട പ്രകാരം ഒരു വീട് താമസിക്കാന്‍ നല്‍കി. ഈ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്ത ഹേമചന്ദ്രന്‍റെ മൃതദേഹം പേടി മൂലം സുഹൃത്തുക്കളുമായി ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നുവെന്നാണ് നൗഷാദ് പറയുന്നത്.

നേരത്തെ സാമൂഹിക മാധ്യമം വഴി ഇതേ വാദങ്ങളുമായി പ്രതി രംഗത്ത് വന്നിരുന്നു. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ നിരത്തി നൗഷാദിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതികള്‍ തമ്മില്‍ നടത്തിയ വാട്സാപ് ചാറ്റുള്‍പ്പെടെ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. ഈ കേസില്‍ മൂന്നുപേര്‍ ഇതു വരെ അറസ്റ്റിലായിട്ടുണ്ട്.

കോഴിക്കോട് മായനാട് വാടകക്ക് താമസിച്ചിരുന്ന ഹേമചന്ദ്രനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഭാര്യ പരാതി നല്‍കിയത്. രണ്ടു മാസം മുമ്പ് മെഡിക്കല്‍ കോളേജ് എസ് എച്ച് ഒ കേസേറ്റെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹേമചന്ദ്രന്‍റെ മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നൗഷാദിന്‍റെ നേതൃത്വത്തില്‍ ഹേമചന്ദ്രനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുക ആ‌യിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ
പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി