
തിരുവനന്തപുരം: തിരുവനന്തപുരം പാളയം പൊലീസ് ക്വാർട്ടേഴ്സിനുള്ളിൽ 13 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് സിബിഐ റിപ്പോർട്ട്. കുട്ടി ലൈഗിംകമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിച്ച ഫൊറൻസിക് ഡോക്ടറുടെ സംശയം തള്ളിയാണ് പോക്സോ കോടതിയിൽ സിബിഐ നൽകിയ റിപ്പോർട്ട്.
ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു പാളയം പൊലീസ് ക്വാർട്ടേഴ്സിലെ 13 കാരിയുടെ മരണം. തലസ്ഥാനത്തെ പ്രമുഖ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു മരിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയം പെണ്‍കുട്ടിയെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റുമോർട്ടത്തിൽ ഡോക്ടർ പങ്കുവച്ച സംശയമാണ് ദുരൂഹത വർദ്ധിപ്പിച്ചത്. കുട്ടി ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നായിരുന്നു സംശയം. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും തെളിവും ലഭിച്ചില്ല. കോടതി നിർദ്ദേശ പ്രകാരം കേസന്വേഷിച്ച സിബിഐയും ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് എത്തിയത്. സംശയമുള്ള 9 പേരെ നുണപരിശോധന നടത്തി.
ക്വാർട്ടേഴ്സിലെ താമസക്കാരും ബന്ധുക്കളും കുട്ടിയുടെ സുഹൃത്തുക്കളുമടക്കം നിരവധി പേരെ ചോദ്യം ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് മെഡിക്കൽ ബോർഡ് പരിശോധിച്ചു. കുട്ടികാലത്ത് വീണ് കുട്ടിയുടെ തലക്ക് പരിക്കേറ്റിരുന്നു. സ്വകാര്യ ഭാഗങ്ങളിലുണ്ടായ മാറ്റം ലൈഗിംക പീഡനത്തിന് ഇരയായതുകൊണ്ടെന്ന് പറനാകില്ലെന്നാണ് മെഡിക്കൽ ബോർഡിൻെറ അഭിപ്രായം. പഠനത്തിനും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്ന പെണ്‍കുട്ടിക്ക് മാനസിക പ്രശ്നങ്ങളില്ലായിരുന്നു. കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയപ്പോള്‍ വീട് അകത്തുനിന്നും പൂട്ടിയിരുന്നു. ക്ലാസിലുള്ള സുഹൃത്തുക്കളല്ലാതെ മറ്റു സുഹൃത്തുകളും കുട്ടിക്കുണ്ടായിരുന്നില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. വിശദമായ അന്വേഷണത്തിൽ 13 കാരിയുടെ മരണത്തിൽ ഒരുതരത്തിലുള്ള ദുരൂഹതയും ഇല്ലെന്നാണ് തിരുവനന്തപുരം പോക്സോ കോടതിയിൽ നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ടിൽ തർക്കമുണ്ടെങ്കിൽ രക്ഷിതാക്കള്‍ക്ക് കോടതിയെ അറിയിക്കാം.