
വയനാട്: ബത്തേരിയിലെ അര്‍ബൻ ബാങ്ക് നിയമനം സംബന്ധിച്ച് കൂടുതൽ കോഴ ആരോപണങ്ങൾ. കോൺഗ്രസ് ഭരിച്ച മുൻ ബാങ്ക് ഭരണസമിതിയും കോഴ വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ പൊതു പ്രവര്‍ത്തകനായ സൂപ്പി പള്ളിയാല്‍ പുറത്തുവിട്ടു. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തി ബത്തേരിയില്‍ സ്ഥാനാര്‍ഥിയായ എംഎസ് വിശ്വനാഥനും പണം കൈപറ്റിയതായി രേഖയിലുണ്ട്.
സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മുൻ ഭരണ സമിതിയും നിയമനങ്ങളിൽ കൈക്കൂലി വാങ്ങിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വരുന്നത്. പ്യൂൺ, വാച്ച്മാൻ തസ്തികയിലേക്കുള്ള 13 നിയമനങ്ങളിൽ 1.14 കോടി രൂപ കൈകൂലിയായി കോൺഗ്രസ് ഭരിക്കുന്ന ഭരണസമിതി കൈപ്പറ്റിയെന്ന് സൂപ്പി പള്ളിയാൽ പുറത്തുവിട്ട രേഖകളിൽ വ്യക്തമാകുന്നു.
പ്രസിഡന്റടക്കം 14 അംഗ ഭരണസമിതി ഇതില്‍ നിന്ന് 5 ലക്ഷം രൂപ വീതം കൈപ്പറ്റി. ഡിസിസി മുന്‍ പ്രസിഡണ്ട് പിവി ബാലചന്ദ്രൻ, ജില്ല കോൺഗ്രസ് ഓഫീസ് നിര്‍മ്മാണത്തിനായി എട്ട് ലക്ഷം രൂപ അന്നത്തെ ബാങ്ക് പ്രസിഡന്റ് കെപി തോമസില്‍ നിന്നു കൈപ്പറ്റിയ രേഖകളും സൂപ്പി പള്ളിയാൽ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി.
കെപിസിസി മുൻ സെക്രട്ടറിയും പിന്നീട് പാർട്ടി വിട്ട് സിപിഎം സ്ഥാനാർഥിയുമായ എംഎസ് വിശ്വനാഥനും പണം കൈപ്പറ്റിയവരുടെ പട്ടികയിലുണ്ട്. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനും കൈകൂലി വാങ്ങിയെന്നാണ് ആരോപണം. നേരത്തെ ഡിസിസി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ബത്തേരി അര്‍ബൻ ബാങ്ക് ചെയര്‍മാൻ സണ്ണി ജോര്‍ജിനെയും ഡിസിസി മുൻ ട്രഷറർ കെകെ ഗോപിനാഥനെയും കെപിസിസി ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി ഉദ്യോഗാർത്ഥികളാണ് വഞ്ചിക്കപ്പെട്ടത്. നൽകിയ പണം നഷ്ടപ്പെടുമോ എന്ന് ഭയന്ന് പരാതിയുമായി ആരും രംഗത്തെത്തിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam