കരടിയുടേത് മുങ്ങിമരണം, പത്ത് വയസിനോടടുത്ത് പ്രായം: പോസ്റ്റ്‌മോർട്ടം പരിശോധനയിലെ കണ്ടെത്തൽ

Published : Apr 20, 2023, 07:40 PM IST
കരടിയുടേത് മുങ്ങിമരണം, പത്ത് വയസിനോടടുത്ത് പ്രായം: പോസ്റ്റ്‌മോർട്ടം പരിശോധനയിലെ കണ്ടെത്തൽ

Synopsis

കിണറ്റിന്റെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വരിച്ചു. വലയിൽ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്ക് വെടി വയ്ക്കാൻ തീരുമാനിച്ചത്

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടിക്ക് പത്ത് വയസിനോട് അടുത്ത് പ്രായമുണ്ടായിരുന്നെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. കരടിയുടെ മരണ കാരണം വെള്ളത്തിൽ മുങ്ങിയതാണെന്ന് വ്യക്തമായി. വന്യമൃഗത്തിന്റെ ശരീരത്തിൽ മറ്റ് പരിക്കുകൾ കണ്ടെത്തിയില്ല. ആന്തരിക അവയവങ്ങൾക്കും പരിക്കുണ്ടായിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. സംഭവത്തിൽ മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ ആനിമൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കിണറ്റിന് പുറത്തെത്തിക്കാനുള്ള വനം വകുപ്പ് ദൗത്യം പാളിയതോടെ വെള്ളത്തിൽ മുങ്ങിയാണ് കരടി ചത്തത്. മയക്കുവെടിയേറ്റ കരടിയെ വലയിൽ മുകളിലേയ്ക്ക് ഉയര്‍ത്തുന്നതിനിടെ വെള്ളത്തിലേയ്ക്ക് വീണു. പുറത്തെത്തിക്കാൻ ഒന്നര മണിക്കൂറോളം പരിശ്രമിച്ചു. ഗുരുതര പിഴവാണ് വനം വകുപ്പിനുണ്ടായത്. മയക്കുവെടിയേറ്റ കരടി മുങ്ങാനുള്ള സാധ്യത ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി കാണാനായില്ല. കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും കണക്കാക്കുന്നതിലും പിഴവുണ്ടായി. 

കിണറ്റിന്റെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വരിച്ചു. വലയിൽ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്ക് വെടി വയ്ക്കാൻ തീരുമാനിച്ചത്. പക്ഷെ മയക്കുവെടിയേറ്റ ശേഷം കരടി കൂടുതൽ പരിഭ്രാന്തനായി. ഇത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. കിണറിന്റെ ആഴം കണക്കാക്കുന്നതിലും വെള്ളം അളക്കുന്നതിലും പാളിച്ചയുണ്ടായി. ഇതെല്ലാം കരടിയുടെ മരണത്തിലേക്ക് നയിച്ചു.

വെള്ളത്തിൽ മുങ്ങി അടിത്തട്ടിലേക്ക് പോയ കരടിയെ മുകളിലേക്ക് എത്തിക്കാൻ കിണറ്റിൽ ഇറങ്ങിയ ആർക്കും കഴിഞ്ഞില്ല. കരടിയുടെ അടുത്തേക്ക് പോലും ഇവർക്ക് എത്താനായില്ല. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിക്കാനുള്ള തീരുമാനവും വൈകി. ഒടുവിൽ പാതാളക്കരണ്ടി ഉപയോഗിച്ചു കരടിയെ ഉയർത്താമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. എല്ലാം കഴിഞ്ഞ് പുറത്തെടുത്തപ്പോഴേക്കും കരടി ചത്തു പോയിരുന്നു. മയക്കുവെടി വയ്ക്കാനുള്ള തീരുമാനത്തിലോ, വെള്ളം വറ്റിക്കാൻ വൈകിയതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ഡിഎഫ്ഒ വിശദീകരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്