
തൃശ്ശൂർ: എക്സൈസ് വകുപ്പിന്‍റെ അശ്രദ്ധയില്‍ ചാലക്കുടി സ്വദേശിനിക്ക് നഷ്ടമായത് 72 ദിവസവും ഇതുവരെ പടുത്തുയര്‍ത്തിയ സല്‍പേരും ബിസിനസും. എക്സൈസ് ഉദ്യോഗസ്ഥര്‍ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നിരപരാധിത്വം തെളിഞ്ഞത്. ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എൽഎസ്ഡി സ്റ്റാംപുമായി ചാലക്കുടി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഷീ സ്റ്റൈല്‍ എന്ന സ്ഥാപനത്തിലെത്തിയ എക്സൈസ് സംഘം ബാഗില്‍ നിന്നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് കണ്ടെത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇവരിൽനിന്ന് പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.
ഇതിനിടെ 72 ദിവസമാണ് ഷീലക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. തന്നെ കേസില്‍ കുടുക്കിയതാണെന്നും കെണിയാണെന്നും ഷീല എക്സൈസിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഷീലയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനും ആ വഴിക്ക് അന്വേഷണം നടത്താനും എക്സൈസ് ശ്രമിച്ചില്ല. ഇതിനിടെ മാധ്യമങ്ങള്‍ വാര്‍ത്തയും ചിത്രവും നല്‍കിയതോടെ ഷീല കൂടുതല്‍ പ്രതിസന്ധിയിലായി. ഷീലയുടെ ബാഗില്‍ 12 എൽഎസ് ഡി സ്റ്റാമ്പുകള്‍ പിടികൂടിയെന്നായിരുന്നു എക്സൈസ് അറിയിച്ചത്. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്നും എക്സൈസ് അറിയിച്ചു. എക്സൈസിന്‍റെ വാദങ്ങള്‍ പൊളിയുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഷീലയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് മയക്കുമരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തമായി. കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. തന്നെ കേസില്‍ കുടുക്കാന്‍ കൃത്യമായ പദ്ധതി പ്രകാരമാണ് എല്ലാം നടന്നതെന്നും ഇവര്‍ ആരോപിച്ചു. എക്സൈസ് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നാണ് എക്സൈസിന്‍റെ വാദം. ഇവരുടെ സ്ഥാപനത്തില്‍ എത്തുന്നവര്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് നല്‍കിയിരുന്നതെന്നും എക്സൈസ് പറഞ്ഞിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതോടെ എക്സൈസിന്‍റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. തനിക്ക് നഷ്ടപ്പെട്ടതൊക്കെ എങ്ങനെ നികത്തുമെന്നാണ് ഷീല ചോദിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam