കെ റെയിൽ പ്രതിഷേധം: കേരളത്തിൽ ബം​ഗാൾ ആവ‍ർത്തിക്കുന്നു, സിം​ഗൂരും നന്ദി​ഗ്രാമും ഓ‍ർമ്മിപ്പിച്ച് വി ടി ബൽറാം

By Web TeamFirst Published Jan 21, 2022, 10:06 AM IST
Highlights

കേരളത്തെ ബം​ഗാളിനോട് ഉപമിച്ചാണ് ബൽറാം പ്രതികരിച്ചത്. കേരളത്തിൽ ബം​ഗാൾ ആവ‍ർത്തിക്കുകയാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യയെയും നന്ദി​ഗ്രാമിനെയും സിം​ഗൂരിനെയും പരാമർശിച്ച് ബൽറാം ഓ‍ർമ്മിപ്പിച്ചു.

പാലക്കാട്: കണ്ണൂരില്‍  കെ റെയിൽ (K Rail) വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് (Youth Congress) നടത്തിയ പ്രതിഷേധ‌ പ്രകടനത്തിനിടെ (protest)സംഘര്‍ഷമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് വി ടി ബൽറാം. സമരവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജിൽ മാക്കുറ്റിയുൾപ്പെടെയുള്ളവ‍ർക്ക് മര്‍ദ്ദനമേറ്റിരുന്നു. 

കേരളത്തെ ബം​ഗാളിനോട് ഉപമിച്ചാണ് ബൽറാം പ്രതികരിച്ചത്. കേരളത്തിൽ ബം​ഗാൾ ആവ‍ർത്തിക്കുകയാണെന്ന് ബുദ്ധദേവ് ഭട്ടാചാര്യയെയും നന്ദി​ഗ്രാമിനെയും സിം​ഗൂരിനെയും പരാമർശിച്ച് ബൽറാം ഓ‍ർമ്മിപ്പിച്ചു. ഇതിനേക്കാൾ വലിയ മിലിഷ്യയുടെ അകമ്പടിയോട് കൂടിയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമ ബംഗാളിൽ സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കാൻ നോക്കിയത് എന്നും മറക്കണ്ട. ചരിത്രം ആവർത്തിക്കപ്പെടുന്നത് ഈ ലോകം പലപ്പോഴായി കാണേണ്ടിവന്നിട്ടുണ്ടെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. 

Read More: 'ചുവപ്പ് നരച്ചാൽ കാവി'; തനിക്ക് അടി കിട്ടിയതിൽ സഖാക്കളെക്കാൾ സന്തോഷം സംഘികൾക്കെന്ന് റിജിൽ

മന്ത്രി എം വി ​ഗോവിന്ദൻ പങ്കെടുത്ത യോ​ഗത്തിലേക്കാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധവുമായി എത്തിയ പ്രവര്ത്തകരെ ഡിവൈഎഎഫ് ഐ പ്രവര്‍ത്തകരടക്കം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ജനാധിപത്യ പ്രതിഷേധങ്ങളെ പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് തല്ലിയൊതുക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. പൊലീസ് നോക്കി നിൽക്കെ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള 'ഗുണ്ടാ പ്രമുഖർ' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല- .ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ക്ഷേത്ര പ്രവേശനമാവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ ഗുരുവായൂർ സത്യാഗ്രഹ സമയത്ത് പി കൃഷ്ണപിള്ള എന്ന യുവ കോൺഗ്രസ് വളണ്ടിയർ അമ്പലത്തിനകത്ത് കയറി മണിയടിച്ചു. ജാതിയുടെ തട്ടുകൾ വച്ച് നോക്കുമ്പോൾ കൃഷ്ണപിള്ളക്ക് അന്നും ക്ഷേത്രപ്രവേശനത്തിന് വിലക്കില്ല. എന്നാൽ തങ്ങളല്ലാത്ത മറ്റ് എല്ലാ മനുഷ്യർക്കും വേണ്ടിയാണ് ജാതിമേധാവിത്വത്തിനെതിരെ അന്ന് ആ സത്യാഗ്രഹികൾ മുന്നോട്ടുവന്നത്.
കൃഷ്ണപിള്ളയുടെ സമാധാനപരമായ ആ സമര നീക്കത്തോട് ജാതി പ്രമാണിമാരുടെ ഗുണ്ടകൾ പ്രതികരിച്ചത് അതിക്രൂരമായ മർദ്ദനങ്ങളിലൂടെയാണ്. അദ്ദേഹത്തെയവർ സംഘം ചേർന്ന് ആക്രമിച്ചു. സ്വയം നായരായിട്ടും മറ്റ് നായർ പ്രമാണിമാരുടെ മർദ്ദനമേൽക്കേണ്ടി വന്നതിനേക്കുറിച്ച് ചോദിച്ചപ്പോൾ കൃഷ്ണപിള്ള പറഞ്ഞ മറുപടി ചരിത്രത്തിന്റെ ഭാഗമാണ്. "ഉശിരുള്ള നായർ മണിയടിക്കും, ഇല നക്കി നായർ പുറത്തടിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ന് കണ്ണൂരിൽ കെ റെയിലിനെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകൾ നടത്തിയ അക്രമത്തെ ന്യായീകരിച്ചും സമരം ചെയ്യാനെത്തിയവരെ പരിഹസിച്ചും അർമ്മാദിക്കുന്നവരോട് പറയാനുള്ളത് പണ്ട് കൃഷ്ണപിള്ള പറഞ്ഞതിന്റെ കാലികമായ ആവർത്തനം മാത്രമാണ്. ഉശിരുള്ള യുവജന സംഘടനാ പ്രവർത്തകൾ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും, കെ-ഭൂതത്തിന്റെ ഇലനക്കികളായ യുവജന സംഘടനക്കാർ അവരുടെ പുറത്തടിക്കും.
ഇതിനേക്കാൾ വലിയ മിലിഷ്യയുടെ അകമ്പടിയോട് കൂടിയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമ ബംഗാളിൽ സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കാൻ നോക്കിയത് എന്നും മറക്കണ്ട. ചരിത്രം ആവർത്തിക്കപ്പെടുന്നത് ഈ ലോകം പലപ്പോഴായി കാണേണ്ടിവന്നിട്ടുണ്ട്

click me!