'ദളിതരെയും പാവപ്പെട്ടവരെയും സഹായിച്ചതിന് കേസെടുക്കുമെങ്കിൽ എടുത്തോ': ആഞ്ഞടിച്ച് ബെംഗളൂരു ആര്‍ച്ച്ബിഷപ്പ്

Published : Mar 01, 2023, 09:30 AM ISTUpdated : Mar 01, 2023, 09:36 AM IST
'ദളിതരെയും പാവപ്പെട്ടവരെയും സഹായിച്ചതിന് കേസെടുക്കുമെങ്കിൽ എടുത്തോ': ആഞ്ഞടിച്ച് ബെംഗളൂരു ആര്‍ച്ച്ബിഷപ്പ്

Synopsis

ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് സർക്കാർ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. 

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബെംഗളുരു രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിൻറെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താനിനിയും അത് തുടരുമെന്ന് പീറ്റർ മച്ചാഡോ പറഞ്ഞു. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് സർക്കാർ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. 

മതപരിവർത്തനനിരോധനനിയമത്തിൽ സൗജന്യം നൽകി മതം മാറ്റരുതെന്ന പരാമർശമുണ്ട്. സൗജന്യം നൽകുന്നത് നിർത്തുമോ എന്ന് മാധ്യമപ്രവർത്തകർ എന്നോട് ചോദിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നത് തെറ്റാണെങ്കിൽ അത് ഞാനിനിയും ഇരട്ടി ചെയ്യുമെന്ന് ഞാൻ പറഞ്ഞു. നല്ലത് ചെയ്യുന്നതിൽ നിന്ന് നമ്മളെ തടയാൻ ആർക്കുമാകില്ല. സ്കൂളുകളിൽ എത്ര ബൈബിളുണ്ടെന്ന് കണക്കെടുക്കാൻ വരുന്ന സർക്കാർ ഉദ്യോഗസ്ഥർ, എത്ര കുട്ടികൾ ക്രിസ്ത്യൻ സ്കൂളുകളിൽ നിന്ന് മതം മാറ്റപ്പെട്ടു എന്ന കണക്കെടുക്കട്ടെ. അത് പുറത്തുവിടട്ടെ. 

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവയ്ക്ക് ബെംഗളുരുവിലെ വിശ്വാസിസമൂഹം നൽകിയ സ്വീകരണച്ചടങ്ങിലാണ് ബെംഗളുരു രൂപതാ ആർച്ച് ബിഷപ്പിൽ നിന്നും രൂക്ഷ പരാമർശങ്ങളുണ്ടായത്. 

ബെംഗളുരു ക്ലാരൻസ് സ്കൂളിൽ ബൈബിൾ നിർബന്ധമാക്കിയെന്ന തരത്തിൽ തീവ്ര ഹിന്ദു സംഘടനകൾ ഉന്നയിച്ച ആരോപണങ്ങളും അദ്ദേഹം കടുത്ത വിമർശനത്തോടെ തള്ളി. കർണാടക സർക്കാർ നിർബന്ധിത മതപരിവർത്തന നിയമം പാസ്സാക്കിയപ്പോൾത്തന്നെ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന വിമർശനങ്ങളുയർന്നിരുന്നതാണ്. തെരഞ്ഞെടുപ്പ് കാലത്ത് ക്രിസ്ത്യൻ സമൂഹത്തിൻറെ അടക്കം ന്യൂനപക്ഷവോട്ടുകൾ നിർണായകമാകുന്ന മേഖലകളിൽ ബിഷപ്പിൻറെ വാക്കുകൾ സ്വാധീനം ചെലുത്തും. 

PREV
click me!

Recommended Stories

ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'
യുഡിഎഫ് അതിജീവിതയ്ക്കൊപ്പം അല്ലെന്ന് വ്യക്തമായി; അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി പി രാജീവ്