
കൊച്ചി: മരിച്ചയാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായ ധനം അനുവദിച്ചു. എറണാകുളം വടക്കൻ പറവൂർ സ്വദേശി എം.പി. മുരളിയുടെ പേരിലാണ് 35000 രൂപക്ക് ഉത്തരവായത്. മുരളി മരിക്കുന്നതിന് മുമ്പാണ് അപേക്ഷിച്ചതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും കുടുംബം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിനേക്കുറിച്ചന്വേഷിക്കുന്ന വിജിലൻസ് സംഘം ഇതേപ്പറ്റിയും പരിശോധന തുടങ്ങി.
വടക്കൻ പറവൂരിലെ ചെറിയപള്ളൻ തുരുത്തിലുളള മണിയാലിൽ മുരളിയുടെ വീട്. ഭാര്യയും മകളും മാത്രമാണ് ഇപ്പോൾ താമസം. കയർ തൊഴിലാളിയായിരുന്ന മുരളി കഴിഞ്ഞ ഡിസംബ 29ന് വൃക്ക രോഗത്തെത്തുടർന്ന് മരിച്ചു. എന്നാൽ ദിവസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 35000 രൂപ മുരളിയുടെ പേരിൽ ചികിത്സാ ധനമായി അനുവദിച്ചു. ഇതേത്തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് അഴിമതിയെന്ന് പ്രഥമദൃഷ്യാട്യാ തോന്നുന്ന വിവരങ്ങൾ കിട്ടിയത്. മുരളി മരിച്ചത് ഡിസംബർ 29നാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നുളള സഹായധനത്തിനായി അക്ഷയ വഴി അപേക്ഷിച്ചത് തൊട്ടടടുത്ത ദിവസം ഡിസംബ 30ന്. അതായത് മരിച്ച് ഒരു ദിവസത്തിനുശേഷം. ഒടുവിൽ റവന്യൂ ഉദ്യോഗസ്ഥർ നൽകിയ ശുപാർശ പ്രകാരമാണ് മരിച്ച മുരളിയ്ക്ക് 35000 രൂപ സഹായ ധനം അനുവദിച്ച് ഉത്തരവായത്. എന്നാൽ മുരളി മരിക്കുംമുന്പാണ് അപേക്ഷ നൽകിയതെന്നും പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് കുടുംബം അവകാശപ്പെടുന്നത്.
മുരളിയുടെ മരണ ശേഷം തന്നെയാണ് അപേക്ഷിച്ചിരിക്കുന്നതെന്നാണ് വിജിലൻസ് പറയുന്നത്. ഇതാരെന്ന് കണ്ടെത്തണം. മരിച്ചയാൾക്ക് പണം അനുവദിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും അഴിമതിയുണ്ടോയെന്നുമാണ് നിലവിൽ വിജിലൻസ് പരിശോധിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam