മയക്കുമരുന്ന് കച്ചവടം നടന്ന് ബിനീഷിന് പങ്കാളിത്തമുള്ള ഹോട്ടലിലെന്ന് പ്രതിയുടെ മൊഴി; അന്വേഷണം കേരളത്തിലേക്കും

By Web TeamFirst Published Sep 4, 2020, 9:12 AM IST
Highlights

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്ത നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ പേർ അറസ്റ്റിലായേക്കും എന്നാണ് സൂചന. 

ബെം​ഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിയുടെ പങ്കാളിത്തതിലുള്ള ഹയാത്ത് ഹോട്ടൽ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം നടന്നതെന്നാണ് കേസിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടിയ കൂട്ടുപ്രതി റിജീഷ് രവീന്ദ്രൻ്റെ മൊഴി. ബെം​ഗളുരൂവിൽ ബിനീഷ് കൊടിയേരി നടത്തിയ പണമിടപാട് സ്ഥാപനത്തിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ട്. ധ‍ർമ്മടം സ്വദേശിയായ അനസാണ് ഈ സ്ഥാപനത്തിൻ്റെ മറ്റൊരു പങ്കാളി എന്നാണ് വിവരം. 

അതേസമയം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്ത നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ പേർ അറസ്റ്റിലായേക്കും എന്നാണ് സൂചന. സിനിമാ രംഗത്തെ പ്രമുഖരിലേക്കാണ് അന്വേഷണം നീളുന്നത്. 

കഴിഞ്ഞ ദിവസം നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥന്റെ അറസ്റ്റ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളെ കൂടാതെ ചിലർ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്. രാജ്യത്തെ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടത്തിലെ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും.

മയക്കുമരുന്ന് കേസില്‍ പ്രതികളുടെ കേരളത്തിലെ ബന്ധങ്ങളെക്കുറിച്ച് അനേഷിക്കുകയാണെന്ന് ബെംഗളൂരു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുമായി ചേർന്നല്ല തങ്ങളുടെ അന്വേഷണമെന്നും സ്വർണകടത്തു കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിന് എന്തെങ്കിലും ബന്ധമുള്ളതായി തെളിവുകളൊന്നും ലഭിച്ചില്ലെന്നും ബെംഗളൂരു എന്‍സിബി മേധാവി അമിത് ഗവാഡെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം നഗരത്തില്‍ സെന്ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ 47 പേർ ഇന്നലെ പിടിയിലായി. സ്നിഫർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്.
 കന്നഡ സിനിമാരഗംത്തെ പ്രമുഖരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി.

വിവാദമായ മയക്കുമരുന്ന് കേസിലെ കേരള ബന്ധത്തെ കുറിച്ച് ആദ്യമായാണ് ബെംഗളൂരു എന്‍സിബി പ്രതികരിക്കുന്നത്. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ബെംഗലൂരു സോൺ മേധാവി അമിത് ഗവാഡേ വ്യക്തമാക്കുന്നത് ഇങ്ങനെ. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 4 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതില്‍ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് അനൂപും, റിജേഷ് രവീന്ദ്രനും മലയാളികളാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഇവരുടെ കണ്ണികളെ കുറിച്ച് അന്വേഷിക്കുകയാണ്. 

ഇവർക്ക് സിനിമാമേഖലയിലടക്കം ബന്ധങ്ങളുണ്ടെന്ന സൂചനയും തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിക്കും. അതേസമയം സ്വർണകടത്തു കേസിലെ ഏതെങ്കിലും പ്രതികളുമായി ഇവരെ ബന്ധിപ്പിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. മാത്രമല്ല കൊച്ചി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുമായി ചേർന്നല്ല തങ്ങളുടെ അന്വഷണമെന്നും അമിത് ഗവാഡേ വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പേർ അറസ്റ്റിലാകാനുണ്ടെന്ന് എന്‍സിബി കോടതിയില്‍ സമർപ്പിച്ച റിമാന്‍ഡ് റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. 

കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരിലങ്കേഷിന്‍റെ സഹോദരനും സിനിമാ നിർമാതാവുമായ ഇന്ദ്രജിത് ലങ്കേഷും ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ലഹരിമാഫിയയുമായി ബന്ധമുള്ള സിനിമാരംഗത്തുള്ളവരെ പറ്റി വിവരങ്ങൾ നല്‍കാനാണ് ഇന്ദ്രജിത് ലങ്കേഷ് വീണ്ടും ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരായത്. കൂടുതല്‍ പേരെ വരും ദിവസങ്ങളിലും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
 

click me!