കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്ന് പോറ്റി ആരോപിച്ചു. ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി പറയുന്നു. പ്രതിഭയെ സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നു.
കൊച്ചി: കടകംപ്പള്ളി സുരേന്ദ്രൻ ഗൂഢാലോചന നടത്തി കേസിൽപ്പെടുത്താൻ ശ്രമിച്ചുവെന്ന് ശബരിമല സ്വർണകൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി. പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി നൽകിയ പ്രതിഭയെന്ന സ്ത്രീക്ക് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. പ്രതിഭയെന്ന സ്ത്രീക്ക് പണം കൊടുത്ത് സഹായിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നതായും പോറ്റി ആരോപിക്കുന്നു. പരാതിയിലെ ആരോപണങ്ങളെല്ലാം കടകംപള്ളി നിഷേധിച്ചു.
സ്വർണ കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടോ, അവർ തമ്മിലുള്ള ബന്ധമെന്തായിരുന്നു തുടങ്ങിയവയിൽ ദുരൂഹതകള്‍ ബാക്കി നിൽക്കേയാണ് ട്വിസ്റ്റായി പരാതി ഡിജിപിക്ക് മുന്നിലെത്തുന്നത്.ചില സാമ്പത്തിക ഇടപാടുകള്‍ക്ക് കടകംപള്ളി നിർദ്ദേശിച്ചതിൻെറയും ഇടനില നിന്നതിൻെറയും കാര്യങ്ങള്‍ പോറ്റി ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. കഴക്കൂട്ടത്തുള്ള തൻെറ ഭൂമി പോറ്റി തട്ടിയെടുത്തുവെന്നാരോപിച്ച പ്രതിഭയെന്ന സ്ത്രീ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
പോറ്റിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പരാതി എത്തിയത്. ഈ പരാതിക്ക് പിന്നിൽ കടകംപള്ളിയുടെ ഗൂഢാലോചനയെന്നാണ് പോറ്റിയുടെ പ്രധാന ആരോപണം. പ്രതിഭയുടെ ഭൂമി വില കൊടുത്തു വാങ്ങിയതാണെന്ന് പോറ്റി പറയുന്നു. ഇതിന് ശേഷം ഇതേ ഭൂമിയിൽ സ്കൂള്‍ നടത്താൻ അനുമതി നൽകുകയും വാടക മുടങ്ങിയതോടെ മറ്റൊരാള്‍ക്ക് മറിച്ചു വിററിരുന്നു. സാമ്പത്തികമായ തകർന്ന പ്രതിഭക്കു വേണ്ടി കടകംപള്ളി മധ്യസ്ഥനായി ചില ചർച്ചകള്‍ നടന്നുവെന്നും പറയുന്നു. തുമ്പ സ്റ്റേഷനിൽ വച്ചും ചർച്ചകള്‍ നടന്നു. പ്രതിഭയെ സാമ്പത്തികമായി സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഹായിച്ചില്ലെന്നും പോറ്റി പറയുന്നു.
കടകംപള്ളിയെ എസ്ഐടി ചോദ്യം ചെയ്ത കാര്യവും സ്വർണകൊള്ള കേസിലെ വിവാദങ്ങളിൽ നിന്നും തലയൂരാനും തന്നെ ജയിലടക്കാനുമാണ് കടകംപള്ളി ശ്രമിക്കുന്നതെന്നുമുള്ള ഗുരുതര ആരോപണമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിക്കുന്നത്. സ്വർണകൊള്ളയുടെ തുടക്കം മുതൽ പോറ്റിയുമായുള്ള ബന്ധത്തിൽ കടകംപള്ളി ആരോപണത്തിൻെറ നിഴലിലാണ്. എസ്ഐടി കടകംപള്ളിയെ വിശദമായി ചോദ്യം ചെയ്തുവെങ്കിലും സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പോറ്റിയുടെ പരാതി എത്തുന്നത്.
പോറ്റി തന്നെ കടകംപള്ളിയെ തള്ളി പറഞ്ഞു മുന്നോട്ടു വന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ നീക്കങ്ങളുണ്ടാകുമോയെന്നാണ് അറിയേണ്ടത്. വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോയെന്നാണ് അറിയേണ്ടത്. പരാതിയിൽ പറയുന്ന പ്രതിഭയെ തനിക്കറിയില്ലെന്നും പൊലീസ് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ച നടന്നിട്ടില്ലെന്നുമായിരുന്നു കടകംപള്ളിയുടെ പ്രതികരണം. തെരഞ്ഞടുപ്പ് അടുത്തിരിക്കെ പല പരാതികളും വരുമെന്നും കടകംപള്ളി പറയുന്നു.

