
ബെംഗളൂരു: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് ബെംഗളൂരുവിൽ നിയമസഹായ വേദിയുടെ കൂട്ടായ്മ. കേസിലെ വിചാരണ വേളയിൽ സുപ്രീംകോടതി മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തപ്പെട്ടുവെന്ന് അഭിഭാഷകരും മുൻ ജഡ്ജിമാരും നിയമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുത്ത കൂട്ടായ്മ ആരോപിച്ചു. ഇത്തരം കേസുകളിൽ ഇരകളെ വിചാരണ ചെയ്യുന്നതിൽ മാർഗനിർദേശങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരുവിലെ നിയമസഹായ വേദി. ഇക്കാര്യം സംഘാടകരായ അഡ്വക്കേറ്റ് നിതയും അഡ്വക്കേറ്റ് ബീന പിള്ളയും വ്യക്തമാക്കി.
മലയാളം അറിയുന്നവർ, അറിയാത്തവർ, നിയമ വിദ്യാർത്ഥികൾ, അഭിഭാഷകർ, വിരമിച്ച ജഡ്ജിമാർ, സാമൂഹ്യ - സാംസ്കാരിക രംഗത്തെ പ്രമുഖർ, അങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി അതിജീവിതക്ക് ഒപ്പമെന്ന് വിളിച്ച് പറയുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ വേളയിൽ കോടതി മുറിക്കുള്ളിൽ നടന്ന അതിക്രമമടക്കം ഇവർ ചൂണ്ടിക്കാട്ടി. 2022 ൽ ജസ്റ്റിസ് ചന്ദ്രചൂഡ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഒന്നും പാലിക്കാതെയാണ് വിചാരണ മുന്നേറിയതെന്നും കൂട്ടായ്മ ആരോപിച്ചു. വിചാരണയിലെ നീതി നിഷേധം നടി ചോദ്യം ചെയ്താൽ ഒപ്പമുണ്ടാകുമെന്നും നീ തീയാണ് എന്നോർപ്പിച്ചു കൊണ്ട് അവർ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. ചിലർ മൈക്കിന് മുന്നിൽ പിന്തുണ പ്രഖ്യാപിച്ചപ്പോൾ, മറ്റ് ചിലർ ഒപ്പമുണ്ടെന്ന് നടിയോട് പറഞ്ഞത് സ്വന്തം കൈപ്പടയിൽ കുറിച്ച വാചകങ്ങളിലൂടെയായിരുന്നു. വിചാരണയിലെ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാട്ടാൻ തെരുവുനാടകവും വേദിയിലെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam