ലൈഫ് മിഷന്‍ ക്രമക്കേട്; ഞങ്ങള്‍ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു, മുഖ്യമന്ത്രി രാജിവെക്കണമെന്ന് യുഡിഎഫ്

By Web TeamFirst Published Sep 25, 2020, 4:48 PM IST
Highlights

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബെന്നി ബെഹ്നാന്‍റെ പ്രതികരണം. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന യുഡിഎഫ് വാദം ശരിയാണെന്ന് തെളിഞ്ഞെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. ലൈഫ് മിഷനില്‍ അഴിമതിയുണ്ട്. അഴിമതിക്കാരെ അഴിയെണ്ണിക്കുമെന്നും മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവെച്ച് ഒഴിയണമെന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബെന്നി ബെഹ്നാന്‍റെ പ്രതികരണം. 

ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതായി കാണിച്ച് സിബിഐ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷൻ പദ്ധതി കേരളത്തിൽ കൈകാര്യം ചെയ്യുന്ന യൂണിടെക്ക് എംഡി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും ഒരു കോടി രൂപ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നതായി കേന്ദ്രഏജൻസികൾക്ക് മൊഴി നൽകിയിരുന്നു. വിദേശത്ത് നിന്നും ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനം ലൈഫ് മിഷനിൽ ഉണ്ടായി എന്നതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ്  എടുത്തിരിക്കുന്നത്. 

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ ലൈഫ് മിഷൻ പദ്ധതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശസ്വയംഭരണമന്ത്രിയും ആരോപണം നേരിടുന്ന സംഭവത്തിൽ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. സ്വർണക്കടത്ത് കേസിൽ നിലവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനു പിന്നാലെയാണ് സിബിഐ കൂടി എത്തുന്നത്. 
 

click me!