
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ചിഹ്നം ഒരു വിഷയമല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അത് നടന്നില്ലെങ്കിൽ മറ്റാെരു ചിഹ്നം സ്വീകരിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
കെ എം മാണി എന്ന വികാരമാണ് പാലാ മണ്ഡലത്തിൽ പ്രതിഫലിക്കുന്നത്. യുഡിഎഫിലെ അനൈക്യത്തെകുറിച്ചൊന്നും കോടിയേരി ആശങ്കപ്പെടേണ്ടതില്ലെന്നും ബെന്നി ബഹനാൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഭരണവിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പെന്നും ശബരിമല അടക്കം എല്ലാം ചർച്ചയാകുമെന്നും ബെന്നി ബഹനാൻ കുട്ടിച്ചേർത്തു.
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍ഡിഎഫിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബെന്നി ബഹനാൻ രംഗത്തെത്തിയത്.
രണ്ടില ചിഹ്നം പോലും ഇല്ലാതെ മത്സരിക്കേണ്ട ഗതികേടിലാണ് ഇക്കുറി കേരളാ കോണ്‍ഗ്രസ് എം. നേരത്തെ പി ജെ ജോസഫ് ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇത്തവണ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്നും കോടിയേരി പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പിൽ ആരെങ്കിലും ശബരിമല ചർച്ചയാക്കിയാൽ സി പി എം ഒളിച്ചോടില്ല. സി പി എം നിലപാട് വിശ്വാസികളോട് വിശദീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കിരുന്നു.
അതേസമയം, രണ്ടില ചിഹ്നത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെ, രണ്ടു തരത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാനൊരുങ്ങുകയാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസോ ടോം പുലിക്കുന്നേല്‍. കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയിലുമാകും പത്രികകള്‍ നല്‍കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam