സരിത ഉൾപ്പെട്ട നിയമന തട്ടിപ്പ്: ബെവ്കോയിൽ നിയമനം നടത്തുന്നത് പിഎസ്‌സി, ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്

By Web TeamFirst Published Feb 10, 2021, 10:10 AM IST
Highlights

ബെവ്കോ മാനേജർ മീനാകുമാരിയുടെ പേരിലായിരുന്നു നിയമന ഉത്തരവ്. മീനാകുമാരിയുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായർ ഉൾപ്പെട്ട നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് ബെവ്കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് വിജിലൻസ്. ബെവ്കോ നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടിരിക്കുകയാണ്. ബെവ്കോയുടെ പേരിലുള്ളത് വ്യാജ നിയമന ഉത്തരവാകാനാണ് സാധ്യത. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും വിജിലൻസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബെവ്കോ മാനേജർ മീനാകുമാരിയുടെ പേരിലായിരുന്നു നിയമന ഉത്തരവ്. മീനാകുമാരിയുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.

ബെവ്കോയിൽ സ്റ്റോർ കീപ്പർ തസ്തികയിൽ നിയമനം നൽകിയുള്ള ഉത്തരവാണ് നെയ്യാറ്റിൻകര സ്വദേശികള്‍ക്ക് തൊഴിൽ തട്ടിപ്പ് സംഘം നൽകിയത്. ബെവ്കോ മാനേജർ മീനാ കുമാരിയുടെ പേരിലായിരുന്നു ഉത്തരവ്. ബെവ്കോ എംഡിയായിരുന്ന ഐജി സ്‌പർജൻ കുമാറിൻറെ പേരിലും നിയമന ഉത്തരവിറക്കിയിരുന്നു. പണം നൽകിയിട്ടും നിയമനം ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ മീനാ കുമാരിയെ തന്നെ നേരിട്ട് വിളിച്ചു. തുടർന്ന് ബെവ്കോ എംഡിക്ക് മീനാ കുമാരി നൽകിയ പരാതിയാണ് വിജിലൻസിന് കൈമാറിയത്.

നിയമന തട്ടിപ്പിൽ ബെവ്കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗഷൻ യൂണിറ്റിന്റെ റിപ്പോർ‍ട്ട്. ബെവ്കോയിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടിരിക്കുകയാണ്. ബെവ്കോയുടെ ഡയറക്ടർ ബോർഡും താത്കാലിക നിയമനങ്ങള്‍ക്ക് തീരുമാനമെടുക്കുകയോ ഉത്തരവിറക്കുകയോ ചെയ്തിട്ടില്ല. അതിനാൽ സരിത അടക്കമുള്ള പ്രതികൾ ഉത്തരവ് വ്യാജമായുണ്ടാക്കിയെന്ന നിഗമനനത്തിലാണ് വിജിലൻസ്.

പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ശുപാർശ. മീനാകുമാരിക്കും തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ ആരോപിച്ചിരുന്നു. ഇക്കാര്യം വിജിലൻസ് തള്ളുന്നു. പൊലീസ് അന്വേഷണത്തിലും ബെവ്കോ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് കണ്ടെത്തിയിരുന്നു. ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഉത്തരവിറക്കി തട്ടിപ്പ് നടത്തിയിട്ടും ഇതേ വരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

click me!