
മലപ്പുറം : മലപ്പുറം എടപ്പാൾ കണ്ടനകം ബെവ്കോ ഔട്ട്ലെറ്റിൽ അനുവദിച്ച സമയത്തിനു ശേഷവും പൊലീസുകാർക്ക് മദ്യവിൽപ്പന. മദ്യവിൽപ്പനയുടെ ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരനെ പൊലീസുകാർ മർദ്ദിച്ചതായും പരാതി. ബെവ്കോ ഔട്ട്ലെറ്റിന്‍റെ സമീപത്ത് താമസിക്കുന്ന കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 നാണ് സംഭവമുണ്ടായത്.
സുനീഷ് കുമാർ പറയുന്നതിങ്ങനെ
കടയിൽ സാധനം വാങ്ങാൻ വരുന്നതിനിടയിലാണ് ഷട്ടറിട്ടിരിക്കുന്ന ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് രണ്ടുപേർ മദ്യം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമയം കഴിഞ്ഞതിന് ശേഷമുള്ള മദ്യവിൽപ്പന മൊബൈൽ ഫോണിൽ പകർത്തി. അതിന്റെ പേരിൽ മദ്യം വാങ്ങാൻ എത്തിയ രണ്ടുപേർ, അവർ പൊലീസുകാരാണന്ന് പറഞ്ഞ് മർദിക്കുകയായിരുന്നു.
പരിക്കേറ്റ സുനീഷ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 9 മണി വരെയാണ് ബെവ്കോയിലെ മദ്യവില്പനയ്ക്കായി സമയം അനുവദിച്ചിരിക്കുന്നത്. ഇത് മറികടന്ന് പലപ്പോഴും ഈ ബെവ്കോയിൽ രാത്രി ഏറെ വൈകിയും മദ്യ വിൽപ്പന നടത്താറുണ്ടെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. സംഭവത്തിൽ പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam