ബേപ്പൂരിലെ പരാജയത്തിൽ യുഡിഎഫ് വോട്ട് ചോർച്ചയിൽ പിടിവിടാതെ പിവി അൻവർ, ഏഴ് ഡിവിഷനുകളിലെ കണക്കുകൾ പുറത്തുവിട്ടു; 'നാളെ ചെറുവണ്ണൂർ, നല്ലളം'

Published : Aug 30, 2026, 08:35 PM IST
PV Anvar

Synopsis

ബേപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ, യുഡിഎഫ് വോട്ട് ചോർച്ചയുടെ കണക്കുകൾ പിവി അൻവർ പുറത്തുവിട്ടു. കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിൽ തനിക്ക് ലഭിക്കേണ്ടിയിരുന്നതിലും വോട്ട് കുറഞ്ഞെന്ന് ആരോപിച്ചു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ യു ഡി എഫിൽ വീണ്ടും കലാപക്കൊടി ഉയര്‍ത്തി പി വി അൻവര്‍. യു ഡി എഫ് വോട്ടുചോര്‍ച്ചയുടെ കണക്ക് പുറത്തുവിട്ടാണ് അൻവറിന്‍റെ ഒളിയുദ്ധം. കോഴിക്കോട് കോർപ്പറേഷനിലെ ബേപ്പൂർ മേഖലയിലുള്ള 48 മുതൽ 54 വരെയുള്ള ഏഴ് ഡിവിഷനുകളിലെ വിവരങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്കിനേക്കാൾ 681 വോട്ട് കുറവാണ് തനിക്ക് ലഭിച്ചതെന്നും തദ്ദേശ തിരഞ്ഞെടുപ്പിലേക്കാൾ എൽ ഡി എഫിന് മേഖലയിൽ വോട്ട് കൂടിയെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിൽ 8000 ത്തോളം വോട്ടിന്റെ കുറവുവരുത്താൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തുനിന്ന് വലിയ തോതിൽ വോട്ടുകൾ തനിക്ക് ലഭിച്ചതുകൊണ്ടാണ് മേഖലയിലെ യു ഡി എഫ് വോട്ട് ചോർച്ച പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ ഏഴായിരത്തിലധികം വോട്ടുകൾക്ക് മാത്രമാണ് തോറ്റതെന്നിരിക്കെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടലിലെ ഈ വ്യതിയാനം നിസ്സാരമായി കാണാനാകില്ലെന്ന് അൻവർ ചൂണ്ടിക്കാട്ടി. ബേപ്പൂർ മേഖലയിലെ വോട്ട് ചോർച്ച വ്യക്തമാക്കിയ അൻവ‍ർ ചെറുവണ്ണൂർ, നല്ലളം മേഖലകളിലെ കണക്കുകൾ നാളെ പുറത്തുവിടുമെന്നും പ്രഖ്യാപിച്ചു.

പിവി അൻവറിന്‍റെ കുറിപ്പ്

കോഴിക്കോട് കോർപ്പറേഷനിലെ 41 മുതൽ 54 വരെയുള്ള 14 ഡിവിഷനുകളാണ് ബേപ്പൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ 48 മുതൽ 54 വരെയുള്ള ഏഴ് ഡിവിഷനുകൾ ബേപ്പൂർ മേഖലയിലാണ്. ഈ ഏഴു ഡിവിഷനുകളിൽ 49 -ാം ഡിവിഷനായ ബേപ്പൂർ ഒഴികെ ആറെണ്ണവും ഇടതുപക്ഷത്തിന്റേതാണ്. 49 -ാം ഡിവിഷൻ എൻഡിഎയും. യുഡിഎഫിന്റെതായി ഒരു ഡിവിഷനും ബേപ്പൂർ മേഖലയിൽ ഇല്ല എന്ന് ചുരുക്കം. ഈ ഏഴു ഡിവിഷനുകളിൽ നിന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 21343 വോട്ടുകൾ ആണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ എനിക്ക് 15453 വോട്ടുകളും നേടാൻ സാധിച്ചു. അതായത് 5890 വോട്ടിന്റെ ഭൂരിപക്ഷമാണ് ബേപ്പൂർ മേഖലയിൽ എൽഡിഎഫിന് നേടാനായത്. 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 14000 വോട്ടുകളോളം ആയിരുന്നു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, എൽഡിഎഫിന് 17244 വോട്ടും യുഡിഎഫിന് 11664 വോട്ടും ആണ് നേടാനായത്. 5580 വോട്ടിന്റെ ഭൂരിപക്ഷമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകന യോഗത്തിൽ എൽഡിഎഫ് 20430 വോട്ടുകൾ ഈ ഏഴ് ഡിവിഷനുകളിൽ നിന്നും സമാഹരിക്കും എന്നും, യുഡിഎഫിന് 16134 വോട്ടുകൾ നേടാനാകും എന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്ക്. തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ കണക്കിൽ നിന്നും 681 വോട്ടുകൾ കുറവായാണ് യുഡിഎഫ് സ്ഥാനാർഥിയായ എനിക്ക് ലഭിച്ചത്. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഈ കണക്കിൽ നിന്നും 913 വോട്ടുകൾ കൂടുതൽ രേഖപ്പെടുത്തി. ഏഴായിരത്തിലധികം വോട്ടുകൾക്ക് മാത്രമാണ് പരാജയം എന്നിരിക്കെ, ആയിരത്തോളം വോട്ടുകളുടെ ഈ വ്യത്യാസം ചെറുതായി കാണാനാവില്ല. ഏഴ് ഡിവിഷനുകളിൽ ഒന്നു പോലും യുഡിഎഫിന്റെതായി ഇല്ലാത്ത ഒരിടത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ച ഭൂരിപക്ഷത്തിൽ നിന്നും 8000 ത്തോളം വോട്ടുകൾ കുറക്കാൻ ഈ മേഖലയിൽ യുഡിഎഫിന് സാധിച്ചു എന്നത് വ്യക്തമാക്കുന്നത് ഇടതുപക്ഷത്തു നിന്നും കണക്കില്ലാത്ത വോട്ടുകൾ യുഡിഎഫിനായി രേഖപ്പെടുത്തി എന്നത് തന്നെയാണ്. ഇടതുപക്ഷ കേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം നടത്താൻ ഈ തെരഞ്ഞെടുപ്പിൽ നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് ഞാൻ പറയുന്നതിന്റെ അടിസ്ഥാനവും ഇതാണ്. സംസ്ഥാനത്തൊട്ടാകെ ഇടതുപക്ഷ വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ച സാഹചര്യം നമുക്ക് അറിയാവുന്നതാണല്ലോ. ബേപ്പൂരിലും ഇതുതന്നെ സംഭവിച്ചു ഇടതുപക്ഷത്തു നിന്നും വോട്ടുകൾ കൃത്യമായി യുഡിഎഫിന് ലഭിക്കുന്ന സാഹചര്യം ഉണ്ടായി. ബേപ്പൂർ മേഖലയിലും യുഡിഎഫ് വോട്ടുകൾ ചോർന്നിട്ടുണ്ട്. പക്ഷേ നേരത്തെ സൂചിപ്പിച്ചതുപോലെ ഇടതുപക്ഷത്തിന്റെ വോട്ടുകൾ വലിയതോതിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ എനിക്ക് ലഭിച്ച സാഹചര്യം ഉണ്ടായപ്പോൾ പ്രത്യക്ഷത്തിൽ ഈ ചോർച്ച കാണാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. ചെറുവണ്ണൂർ നല്ലളം മേഖലയിലെ കണക്കുകളുമായി നാളെ കാണാം.…

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓണാഘോഷത്തിന്റെ സമാപനത്തിലും വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ വിമർശനവുമായി ഗോവിന്ദൻ, 'മുഖ്യമന്ത്രി ആർഎസ്എസുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗം'
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ വീഴ്ചകൾ വിവാദമായതോടെ കടുപ്പിക്കാൻ പൊലീസ്, ചേന്തി അനിലിന്റെ ഫോൺ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു; 'ഗൂഢാലോചന' ചുമത്തും