
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തെ വിവിധ ഉദ്യോഗാർഥികളുടെ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള 'ഭാരത് ബന്ദ്' കേരളത്തിലും ശക്തമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം ഇന്നലെയുണ്ടായിരുന്നു. ഇതോടെ പൊലീസിനോട് മുൻകരുതൽ സ്വീകരിക്കാൻ ഡിജിപി അനിൽകാന്ത് നിര്‍ദേശം നൽകിയിട്ടുണ്ട്. അക്രമങ്ങളിൽ ഏര്‍പ്പെടുന്നവരെയും കടകള്‍ അടപ്പിക്കുന്നവരെയും ഉടനടി അറസ്റ്റ് ചെയ്യണം. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ എസ് ആര്‍ ടി സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണം. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. അർധ രാത്രി മുതൽ പ്രധാന സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണം ഏകോപ്പിക്കുമെന്നും ഡിജിപി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
അഗ്നിപഥിനെതിരെ പ്രതിഷേധം കത്തും; രാജ്യത്ത് 'ഭാരത് ബന്ദ്' പ്രഖ്യാപിച്ച് ഉദ്യോഗാർത്ഥികൾ, ഉത്തരേന്ത്യയിൽ ശക്തമാകും
അഗ്നിപഥിനെതിരെ ഇന്ന് ഉദ്യോഗാർത്ഥികളുടെ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് നടക്കും. പ്രതിഷേധം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമാകാനുള്ള സാധ്യതയാണുള്ളത്. പ്രതിഷേധം രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹരിയാന, ഉത്തർ പ്രദേശ്, ബിഹാര്‍, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ സംസ്ഥാന പൊലീസിനും റെയില്‍വ പൊലീസിനും സർക്കാർ ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ സ്റ്റേഷനുകള്‍ക്ക് കാവല്‍ വർധിപ്പിച്ചുണ്ട്. യുപിയില്‍ ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമം നടത്തുന്നവർക്കെതിരെ കര്‍ശന നടപടിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ സ്കൂളുകള്‍ അടച്ചിടാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam