പ്രധാനമന്ത്രിയുടെ മൗനം അപമാനകരമെന്നും രാഹുൽ ഗാന്ധി കുറിച്ചു. 

ദില്ലി: വിജയ് വാര്‍ഗീയയുടെ വിവാദ പ്രസ്താവനയ്ക്ക് എതിരെ കനത്ത പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി. യുവാക്കള്‍ സൈന്യത്തില്‍ നില്‍ക്കുന്നത് രാജ്യത്തെ സംരക്ഷിക്കാനാണ്, ബിജെപിക്ക് കാവലിനല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 52 വർഷം ഇന്ത്യൻ പതാക ഉയർത്താത്തവർ സൈനീകരെ സംരക്ഷിക്കുമെന്ന് കരുതരുത്. പ്രധാനമന്ത്രിയുടെ മൗനം അപമാനകരമെന്നും രാഹുൽ ഗാന്ധി കുറിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്ന രോഷം എങ്ങനെ ശമിപ്പിക്കാമെന്ന് തലപുകഞ്ഞാലോചിക്കുമ്പോഴാണ് ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ് വാര്‍ഗിയ വിവാദ പ്രസ്താവന നടത്തിയത്. മധ്യപ്രദേശില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിടെയാണ് സര്‍വീസ് കാലം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീറിനെ കഴിയുെമങ്കില്‍ ബിജെപി ഓഫീസിന്‍റെ കാവല്‍ക്കാരനാക്കുമെന്ന് വിജയ് വാര്‍ഗിയ പറഞ്ഞത്. 

Scroll to load tweet…

കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയുടെ പ്രസ്താവനയും ബിജെപിക്ക് തലവേദനയായി. അഗ്നിവീറുകള്‍ക്ക് അലക്കുകാരുടെയും, ബാര്‍ബര്‍മാറുടെയും, ഡ്രൈവര്‍മാരുടെയും പരിശീലനം നല്‍കുമെന്നാണ് കിഷന്‍ റെഡ്ഡി പറഞ്ഞത്. ബിജെപി നേതാക്കളുടെ ഈ മനോനിലക്കെതിരെയാണ് സത്യഗ്രഹമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രവര്‍ത്തക സമിതിയംഗങ്ങളും എംപിമാരുമടക്കം പങ്കെടുത്ത ജന്തര്‍മന്തറിലെ പ്രതിഷേധത്തില്‍ എല്ലാ കക്ഷികളും ഉള്‍പ്പെട്ട യോജിച്ചുള്ള പ്രക്ഷോഭമാണ് ലക്ഷ്യമിടുന്നതെന്ന് പ്രിയങ്കഗാന്ധി വ്യക്തമാക്കി.