
കണ്ണൂർ: ഭാരത സെൻസസ് 2027-ന്റെ ഒന്നാം ഘട്ട നടപടികൾക്ക് ജൂലൈ ഒന്നിന് തുടക്കമാകും. രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് എന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി ജില്ലാ/അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, സാങ്കേതിക സഹായികൾ എന്നിവർക്കായി നടന്ന ആറുദിവസത്തെ പരിശീലന പരിപാടി ഏപ്രിൽ 25 ശനിയാഴ്ച അവസാനിച്ചു.
സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി 2026 ജൂൺ 16 മുതൽ ജൂൺ 30 വരെ സെൽഫ് എന്യൂമറേഷൻ നടക്കും. 2026 ജൂലൈ 1 മുതൽ ജൂലൈ 30 വരെ ഒന്നാം ഘട്ടം ഭവന സെൻസസ് നടക്കും. 2027 ഫെബ്രുവരിയിലാണ് രണ്ടാം ഘട്ട ജനസംഖ്യ കണക്കെടുപ്പ്. സെൽഫ് എന്യൂമറേഷൻ വഴി ജനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ നൽകാനാവും. ഇത്തവണത്തെ സെൻസസിന്റെ ഏറ്റവും വലിയ പ്രത്യേകത ജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യമാണ്. 'സെൽഫ് എന്യൂമറേഷൻ' വഴി ജൂൺ 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് പോർട്ടലിലൂടെ (https://se.census.gov.in) വിവരങ്ങൾ നേരിട്ട് നൽകാം. ഇങ്ങനെ വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) പിന്നീട് വീട്ടിലെത്തുന്ന ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും.
ജൂലൈയിൽ നടക്കുന്ന ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടക്കുക. വീടിന്റെ അവസ്ഥ, കുടുംബനാഥനുമായുള്ള അംഗങ്ങളുടെ ബന്ധം. കുടുംബത്തിന് ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ. കുടുംബത്തിന്റെ ആസ്തികൾ എന്നിവ സംബന്ധിച്ച കണക്കെടുക്കും. എന്യൂമറേറ്റർമാർ ഓരോ വീടുകളിലുമെത്തി പ്രത്യേക സെൻസസ് ആപ്പ് വഴി സ്മാർട്ട് ഫോണുകളിലാകും വിവരങ്ങൾ ശേഖരിക്കുക. ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമായിരിക്കണമെന്നും രാജ്യത്തിന്റെ പുരോഗതിക്കും ക്ഷേമപ്രവർത്തനങ്ങൾക്കും കൃത്യമായ വിവരങ്ങൾ നൽകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും ഉദ്യോഗസ്ഥർക്ക് നൽകിയ പരിശീലന പരിപാടിയിൽ ജില്ലാ കളക്ടർമാർ ഓർമിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam