ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍; കോൺഗ്രസിനോട് പരാതി, പിണറായിയെ പ്രശംസിച്ച് സന്യാസിമാര്‍

By Web TeamFirst Published Sep 14, 2022, 8:38 AM IST
Highlights

28 ശതമാനമുളള ശ്രീനാരായണീയർക്ക് കോൺഗ്രസിൽ നിന്ന് ഒരു എം എൽ എ മാത്രം ആണുള്ളത്. ഇക്കാര്യത്തിലെ അതൃപ്തി മഠം രാഹുലിനെ അറിയിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു.

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി എംപി ശിവഗിരി മഠത്തിലെത്തി. സന്യാസിമാർ ഷാൾ അണിയിച്ച് രാഹുലിനെ സ്വീകരിച്ചു. തുടര്‍ന്ന് മഹാസമാധിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തി. തുടര്‍ന്ന് സന്യാസിമാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ശിവഗിരിയിലെ പ്രാര്‍ത്ഥനാ ചടങ്ങിലും രാഹുല്‍ പങ്കുചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.  

ക്ഷണിക്കപ്പെടാതെ വന്നു ചേർന്നതിൽ സന്തോഷമുണ്ട്. നേരത്തെ രണ്ട് തവണ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടും അസൗകര്യം കാരണം എത്താനായില്ല. നെഹ്റു കുടുംബം മുഴുവൻ മഠത്തിൽ എത്തിയിട്ടുണ്ട്. നെഹ്രുവും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും മുൻപ് സന്ദർശിച്ചിട്ടുണ്ടെന്നും  സ്വാമി സച്ചിദാനന്ദ  പറഞ്ഞു.  മഠത്തിലെ വിവിധ കേന്ദ്രങ്ങൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. അത് സന്തോഷപ്രദമായ അനുഭവമായിരുന്നു. 

ശിവഗിരി മഠത്തിൽ നരേന്ദ്രമോദിയെന്നോ രാഹുൽ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുന്നതാണ് മഠത്തിന്‍റെ നിലപാട്. ശിവഗിരി മഠത്തോടും നാരായണഗുരു സങ്കല്പങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളത്.  ഇത് തുടർന്നാൽ ഇനിയും ഇടത് സർക്കാർ അധികാരത്തിലെത്തുമെന്നും സച്ചിദാനന്ദ പറഞ്ഞു. 28 ശതമാനമുളള ശ്രീനാരായണീയർക്ക് കോൺഗ്രസിൽ നിന്ന് ഒരു എം എൽ എ മാത്രം ആണുള്ളത്. ഇക്കാര്യത്തിലെ അതൃപ്തി മഠം രാഹുലിനെ അറിയിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു.

 കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വിഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, പാലോട് രവി തുടങ്ങിയവര്‍ രാഹുലിനെ അനുഗമിച്ചു.  ശിവഗിരി സന്ദർശനത്തിന് ശേഷം നാവായിക്കുളത്തു നിന്നാണ് ഇന്നത്തെ ഭാരത് ജോഡോ യാത്ര തുടങ്ങിയത്. കേരളത്തില്‍ ഭാരത് ജോഡോ യാത്രയുടെ നാലാം ദിവസമാണ് ഇന്ന്.  യാത്ര തിരുവനന്തപുരത്ത് എത്തിയപ്പോള്‍  രാഹുല്‍ ഗാന്ധി വെങ്ങാനൂർ അയ്യങ്കാളി സ്‌മൃതി മണ്ഡപം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയിരുന്നു. അയ്യങ്കാളി സമൃതി മണ്ഡപത്തിലും രാഹുല്‍ പുഷ്പാര്‍ച്ച നടത്തിയിരുന്നു. 

ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിൽ പ്രവേശിച്ചു. നാവായിക്കുളത്ത് നിന്നും ആരംഭിച്ച യാത്ര യാത്രയ്ക്ക് പാരിപ്പള്ളി മുക്കടയില്‍  യാത്രയ്ക്ക് ഡിസിസി സ്വീകരണം നല്‍കും. 10 മണിക്ക് ചാത്തന്നൂരിലാകും രാവിലത്തെ പദയാത്ര സമാപിക്കുക. ചാത്തന്നൂരിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികൾക്കൊപ്പം ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി സംവദിക്കും. വൈകിട്ട്  നാല് മണിക്ക് യാത്ര പുനരാരംഭിക്കും.  ഏഴ് മണിക്ക് കൊല്ലം പള്ളിമുക്കിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. സമാപന പൊതുസമ്മേളനത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

Read More : തലസ്ഥാനത്തോട് വിട പറഞ്ഞ് ജോഡോ യാത്ര; ഇനി കൊല്ലത്തിന്റെ മണ്ണിൽ, വിദ്യാര്‍ഥികളുമായി രാഹുൽ ​ഗാന്ധി സംവദിക്കും

click me!