ബെവ്കോയില്‍ ഇനി മുതല്‍ വലിയ ബോട്ടിലുകള്‍; സംസ്ഥാനത്തെ മദ്യവിൽപനയിൽ വൻ മാറ്റം വരുന്നു

By Web TeamFirst Published Jan 27, 2021, 2:46 PM IST
Highlights

രണ്ടേകാല്‍ ലിറ്ററിന്‍റേയും ഒന്നരലിറ്ററിന്‍റേയും ബോട്ടിലുകള്‍ ഇതാദ്യമായി വില്‍പ്പനക്കെത്തുകയാണ്. വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച കത്ത് ബെവ്കോ നല്‍കിക്കഴിഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ വലിയ മാറ്റത്തിന് ബിവറേജസ് കോര്‍പറേഷന്‍ ഒരുങ്ങുന്നു. ഇതാദ്യമായി രണ്ടേകാല്‍ ലിറ്ററിന്‍റേയും ഒന്നരലിറ്ററിന്‍റേയും ബോട്ടിലുകളില്‍ മദ്യം വില്‍പ്പനക്കെത്തും. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ പൂര്‍ണമായും ഒഴിവാക്കും. വിതരണക്കാര്‍ ബെവ്കോക്ക് നല്‍കുന്ന മദ്യത്തിന്‍റെ അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതുക്കിയ മദ്യവില ഫെബ്രുവരി 1 മുതല്‍ നിലവില്‍ വരും. 

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇതോടെ മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റത്തിനാണ് ബെവ്കോ തയ്യാറെടുക്കുന്നത്. വില്‍പ്പന ശാലകളിലെ തിരക്ക് കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ബെവ്ക്യൂ ആപ്പ് പിന്‍വലിച്ചു കഴിഞ്ഞു. ബാറുകള്‍ പാഴ്സല്‍ വില്‍പ്പന അവസാനിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രണ്ടേകാല്‍ ലിറ്ററിന്‍റേയും ഒന്നരലിറ്ററിന്‍റേയും ബോട്ടിലുകള്‍ ഇതാദ്യമായി വില്‍പ്പനക്കെത്തുകയാണ്. വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച കത്ത് ബെവ്കോ നല്‍കിക്കഴിഞ്ഞു. വിതരണത്തിന് കരാറുള്ളവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ വലിയ ബോട്ടലുകളില്‍ മദ്യം വില്‍പ്പനക്ക് എത്തിക്കാം. 

ബെവ്കോക്കും ഉപഭോക്താക്കള്‍ക്കും ഇത് കൊണ്ട് ഗുണമുണ്ടെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. വലിയ ബോട്ടിലുകളില്‍ മദ്യം വാങ്ങുന്നതോടെ വില്‍പ്പനശാലകളില്‍ ആളുകള്‍ അടിക്കടി എത്തുന്ന സാഹചര്യവും തിരക്കും കുറക്കാനാകും. മദ്യവില കൂടുന്ന സാഹചര്യത്തില്‍ വലിയ ബോട്ടിലുകളില്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ലാഭമായിരിക്കും. ബെവ്കോയുടെ വരുമാനത്തില്‍ കാര്യമായി ഇടിവുണ്ടാവുകയുമില്ല. ഇതൊടോപ്പം ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലക്ക് ഫെബ്രുവരി 1 മുതല്‍ വിതരണത്തിനെത്തുന്ന 750 മില്ലി ലിറ്റര്‍ മദ്യം ചില്ലുകുപ്പികളില്‍ മാത്രമായിരിക്കും വില്‍ക്കുക. വലിയ ബോട്ടിലുകളിലെ മദ്യ വില്‍പ്പന മദ്യ ലഭ്യത കൂട്ടുമെന്നും ഇത് മദ്യ വര്‍ജ്ജന പദ്ധതികള്‍ക്ക് തിരച്ചടിയാകുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

click me!