ബിഹാ‌ർ തെരഞ്ഞെടുപ്പ്; കടുത്ത മത്സരമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചനം, എന്‍ഡിഎയ്ക്ക് മുന്‍ഗണന

Published : Nov 12, 2025, 06:37 PM IST
Voters during Bihar Elections 2025 Phase 1

Synopsis

ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് മുൻതൂക്കം പ്രവചിച്ച് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലവും

ദില്ലി: ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് മുൻതൂക്കം പ്രവചിച്ച് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലവും. വിവിധ വിഭാഗങ്ങളിലായി നടത്തിയ സർവേയുടെ വിവരങ്ങൾ പുറത്ത് വിടുമ്പോൾ 43% വോട്ടർമാരുടെ പിന്തുണ എൻഡിഎക്കാണ്. തൊട്ട് പിന്നിൽ 41 ശതമാനത്തിന്‍റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. വോട്ടർമാരിൽ പുരുഷന്മാരുടെ പിന്തുണ കൂടുതൽ മഹാസഖ്യത്തിന് പ്രവചിക്കുമ്പോൾ സ്ത്രീകൾ എൻഡിഎക്കൊപ്പമാണ്. ജാതി തിരിച്ചുള്ള കണക്കിൽ എൻഡിഎയാണ് മുന്നിൽ. തൊഴിൽരഹിതർ, വിദ്യാർത്ഥികൾ തുടങ്ങിയവർ മഹാസഖ്യത്തിനൊപ്പം നിൽക്കുമ്പോൾ, സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകൾ, സ്വകാര്യ ജീവനക്കാർ തുടങ്ങിയവരുടെ പിന്തുണ എൻഡിഎക്കാണ്. ഗ്രാമപ്രദേശങ്ങളിലും, നഗരങ്ങളിലും എൻഡിഎ മുന്നേറ്റമാണ് കാണുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണയുണ്ട്. എല്ലാ എക്സിറ്റ്പോൾ ഫലങ്ങളെയും തേജസ്വി യാദവ് തള്ളിയിരുന്നു.

ഭരണമാറ്റത്തിന്‍റെ സൂചനയെന്ന് ഇന്ത്യാ സഖ്യം

പോളിംഗ് ശതമാനം ഉയർന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണെന്ന് ഇന്ത്യാസഖ്യം വാദിക്കുമ്പോൾ, എൻഡിഎ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുകയാണെന്ന് ബിജെപി അവകാശപ്പെട്ടു. ബിഹാർ കാണാൻ പോകുന്നത് വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചു. ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 64.69% പോളിം​ഗാണ് രേഖപ്പെടുത്തിയത്. ചരിത്രപരമായ പോളിം​ഗ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ 9 ശതമാനം പോളിം​ഗ് ഉയർന്നത് ആർക്ക് ​ഗുണം ചെയ്യുമെന്നതിൽ രാഷ്ട്രീയ തർക്കം മുറുകുകയാണ്. സർക്കാറിനെതിരെ ജനം ആവേശത്തോടെ വോട്ട് ചെയ്തു എന്നാണ് കോൺ​ഗ്രസിന്റെ കണക്കുകൂട്ടൽ. എന്നാൽ സ്ത്രീകൾ വലിയ സംഖ്യയിൽ പോളിം​ഗ് ബൂത്തിലെത്തിയത് സർക്കാറിന് അനുകൂലമായ സാഹചര്യമെന്ന് ബിജെപി പ്രതികരിച്ചു.

പോളിം​ഗ് ശതമാനം ഉയർന്നതോടെ പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടിയിലേക്ക് വീണ്ടും ശ്രദ്ധ തിരിയുകയാണ്. ജൻ സുരാജ് ഉണ്ടാക്കിയ ഇളക്കവും വോട്ടർമാരിൽ ആവേശത്തിന് കാരണമായെന്നാണ് സൂചനകൾ. ബിഹാർ കാണാൻ പോകുന്നത് രാഷ്ട്രീയ വഴിത്തിരിവാണെന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചു. പലയിടത്തും എതിരാളികൾ വോട്ട് ചെയ്യുന്നത് തടയാൻ പോലീസിനെ ഉപയോ​ഗപ്പെടുത്തിയെന്ന് ആർജെഡി ആരോപിച്ചു. രണ്ടാംഘട്ടത്തിൽ മത്സരം നടക്കുന്ന മണ്ഡലത്തിലെ പ്രചാരണത്തിന് അമിത് ഷായും രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും അടക്കമുള്ളവർ ഇന്ന് ബിഹാറിലുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം