ട്രഷറി തട്ടിപ്പ് കേസ്; ബിജു ലാലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

By Web TeamFirst Published Aug 11, 2020, 5:18 PM IST
Highlights

ബിജുലാൽ നേരത്തെ ജോലി ചെയ്തതിട്ടുളള കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. 

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജു ലാലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വഞ്ചിയൂർ ട്രഷറി, വിവിധ ബാങ്കുകള്‍ എന്നിവടങ്ങളിൽ ബിജുലാലിനെ കൊണ്ട് തെളിവെടുപ്പ് നടത്തും. ബിജുലാൽ നേരത്തെ ജോലി ചെയ്തതിട്ടുളള കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതുകൂടാതെ കേസിലെ രണ്ടാം പ്രതിയായ ബിജുവിന്‍റെ ഭാര്യയുടെ പങ്കിനെ കുറിച്ച് വ്യക്തമാകണമെങ്കിൽ ബിജു ലാലിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും പ്രത്യേക സംഘം പറഞ്ഞു.

വഞ്ചിയൂർ ട്രഷറിയിൽ നിന്നും 2,73,99,000 ബിജു ലാൽ തട്ടിയെടുത്തെന്നാണ് പൊലീസ് കേസ്. തുടരന്വേഷണത്തിൽ ട്രഷറിയിൽ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത് 73 ലക്ഷമാണെന്ന് കണ്ടെത്തി. ബാക്കി പണം ബിജു ലാലിന്‍റെയും കേസിലെ രണ്ടാം പ്രതിയായ സിമിയുടെയും അക്കൗണ്ടുകളിലുണ്ടെന്നും കണ്ടെത്തി. മാത്രമല്ല ട്രഷറിയിൽ മൂന്നു മാസം മുമ്പ് നടന്ന മോഷണം നടത്തിയത് ബിജു ലാലാണെന്നറിഞ്ഞിട്ടും നടപടിയെടുക്കുന്നതിൽ ഉദ്യോഗസ്ഥ വീഴ്ച സംഭവിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഴിമതി നിരോധ നിയമപ്രകാരം ട്രഷറിയിലെ  ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് എത്തി ചേർന്നിരിക്കുന്നത്.

click me!