പാലത്തായി കേസിൽ പുതിയ അന്വേഷണ സംഘം: ഐജി ശ്രീജിത്തിനെ അടക്കം മാറ്റാനും ഹൈക്കോടതി നിർദ്ദേശം

By Web TeamFirst Published Oct 20, 2020, 4:14 PM IST
Highlights

ഏത് ടീം അന്വേഷിക്കുന്നതിലും എതിർപ്പില്ലെന്നായിരുന്നു സർക്കാർ നിലപാട്. ഇരയ്ക്കൊപ്പമാണ് തങ്ങളെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു

കൊച്ചി: പാലത്തായി പീഡന കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തരുത്. രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം.

ഐജി. എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ആരോപിച്ച് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കകം പുതിയ സംഘത്തെ രൂപീകരിക്കാൻ ഡിജിപിയ്ക്ക് നിർദ്ദേശം നൽകിയ ഹൈക്കോടതി, പുതിയ സംഘത്തിൽ നിലവിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തരുതെന്നും വ്യക്തമാക്കി. ഐജി ശ്രീജിത്തിനെ മേൽനോട്ട ചുമതലയിൽ നിന്ന് മാറ്റി മറ്റൊരു സംഘത്തെ കേസ് ഏൽപ്പിക്കുന്നതിൽ  എതിർപ്പില്ലെന്നും സർക്കാർ ഇരയ്ക്കൊപ്പമാണെന്നും സീനിയർ പ്ലീഡർ സുമൻ ചക്രവർത്തി കോടതിയെ അറിയിച്ചു.

പീഡന കേസിലെ പ്രതിയായ അധ്യാപകന് അനുകൂലമായി കേസിന്റെ മേൽനോട്ട ചുമതലയുള്ള ഐജി എസ് ശ്രീജിത്ത് നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. കേസിൽ പ്രതിയായ അധ്യാപകന് ഹൈക്കോടതി ജാമ്യം ലഭിച്ചതിന് പുറകെയാണ് ഐജിയുടെ പേരിൽ സംഭാഷണം പ്രചരിച്ചത്. ഈ ഓഡിയോ സന്ദേശം പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. പാലത്തായി കേസിൽ പോക്സോ വകുപ്പ് ഒഴിവാക്കിയതിനെ ന്യായീകരിക്കുന്നതായിരുന്നു സംഭാഷണം. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസിൽ പോലീസിന് ലഭിച്ച വിവരം പുറത്ത് വന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഹൈക്കോടതിയിൽ ഇരയുടെ അമ്മ ചൂണ്ടികാട്ടി. ഈ തെളിവുകളടക്കം സ്വീകരിച്ചാണ് ഹൈക്കോടതി പുതിയ സംഘത്തെ രൂപീകരിക്കാൻ നിർദ്ദേശിച്ചത്.

click me!