വീണ്ടും ബാർ കോഴ; ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി

By Web TeamFirst Published Nov 21, 2020, 6:26 AM IST
Highlights

ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. 

തിരുവനന്തപുരം: ബാർ കോഴയിൽ പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തീരുമാനം. ബാർ ഉടമയായ ബിജു രമേശിന്റെ വെളിപ്പടുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. രമേശ് ചെന്നിത്തലക്ക് പുറമെ മുൻ മന്ത്രിമാരായ വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണമുണ്ടാകും.

ബാർ കോഴക്കേസ് വീണ്ടും സജീവമാക്കാൻ സർക്കാർ. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡൻറായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് മന്ത്രി കെ ബാബു, മുൻ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ എന്നിവർക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കെ എം മാണിക്കെതിരായ ബാർ കോഴക്കേസിന് പിന്നിൽ കോണ്‍ഗ്രസ് നേതാക്കള്‍ ഉൾപ്പെടുന്ന ഗൂഢാലോചനയുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അടുത്തിടെയാണ് ബിജു രമേശ് മുമ്പു നടത്തിയ ആരോപണം ആവർത്തിച്ചത്. കെ എം മാണിക്കെതിരെ കോടതിയിൽ രഹസ്യമൊഴി നൽകിയ ബിജുരമേശ് ബാർ ലൈസൻസ് ഫീസ് കുറയ്ക്കാന്‍ പണം വാങ്ങിയ കാര്യം വെളിപ്പെടുത്തിയിരുന്നു. പക്ഷെ ചെന്നിത്തല അടക്കമുള്ള മറ്റ് നേതാക്കൾക്കെതിരെ രഹസ്യമൊഴിയിൽ പരാമർശം ഉണ്ടായിരുന്നില്ല. 

ബാർകോഴയിൽ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലൻസിന്റെ അന്വേഷണം. ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്ന റിപ്പോർട്ടാണ് സർക്കാറിന് നൽകിയത്. മുഖ്യമന്ത്രി അനുമതി നൽകിയെങ്കിലും പ്രതിപക്ഷനേതാവിനും മുൻമന്ത്രിമാർക്കും എതിരായ അന്വേഷണത്തിന് ഉത്തരവിറക്കാൻ ഗവർണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം. പാാലാരിവട്ടം പാലം കേസിൽ ഇബ്രാഹിംകുഞ്ഞിനെതിരായ അറസ്റ്റിന് പിന്നാലെ യുഡിഎഫ് നേതാക്കൾ ഉൾപ്പെട്ട കൂടുതൽ കേസുകൾ സജീവമാക്കാൻ സ‍ർക്കാ‍ർ തീരുമാനമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ബാർകോഴക്കേസിലെ അന്വേഷണം.

click me!