
പത്തനംതിട്ട: ഞങ്ങൾ രണ്ടുപേരും കൂടിയാ പുറത്ത് ഇറങ്ങിയതെന്നും ആന ചിഹ്നം വിളിച്ച് അടുത്തേക്ക് വന്നപ്പോ ഓടി മാറാൻ കഴിഞ്ഞില്ലെന്നും പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ ഡെയ്സി. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58)കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു.
ആന ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞയുടൻ തിരിച്ച് വരികയായിരുന്നു. എന്നാൽ ബിജു വീണ്ടും പോയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് ഭാര്യ പറയുന്നു. വഴിയ്ക്കടുത്ത് വരെ പോയതേയുള്ളൂ. അപ്പോഴേക്ക് ആന ചീറി വന്നു. അപ്പുറത്ത് കാടായത് കൊണ്ട് ബിജുവിന് രക്ഷപ്പെടാനായില്ല. താൻ മുറ്റത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. ആന രണ്ട് തവണ ബിജുവിനെ നിലത്തടിച്ചുവെന്നും ചിന്നം വിളിച്ചുവെന്നും ഡെയ്സി പറഞ്ഞു.
അതേസമയം, സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. കണമല വനംവകുപ്പ് ഓഫീസിലേക്കുള്ള പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പുരോഹിതൻമാരടക്കം പ്രതിഷേധത്തിലുണ്ട്. വനംവകുപ്പിന്റെ വീഴ്ച്ചയാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാർ പറയുന്നത്. വന്യജീവി ആക്രമണത്തിൽ ജനങ്ങളെ സംരക്ഷിക്കാൻ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ഇതിനെ പ്രതിരോധിക്കേണ്ടത് നാട്ടുകാരുടെ മാത്രം ഉത്തരവാദിത്തമായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. റോഡിലിരുന്ന് കുത്തിയിരുന്ന് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. അതേസമയം, സ്ഥലത്തേക്ക് കൂടുതൽ പൊലീസിനെ എത്തിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=AWG2F8E8NIs