ഈ 24കാരന്റെ ജീവിതം മാറ്റിമറിച്ചത് ഒറ്റപ്പാലത്ത് അന്നുണ്ടായ ബൈക്കപകടം

By Web TeamFirst Published Nov 17, 2019, 7:41 AM IST
Highlights
  • ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് നിർബന്ധമായി ധരിക്കണമെന്ന് ഓർമ്മിപ്പിക്കുകയാണ് അരുണിന്റെ ഈ ദുരവസ്ഥ
  • മകനെ ചികിത്സിക്കാനായി ആകെയുണ്ടായിരുന്ന വീടും പത്ത് സെന്റ് സ്ഥലവും വിറ്റ് വാടകവീട്ടിൽ കഴിയുകയാണ് ഈ കുടുംബം

പാലക്കാട്: ഇരുപത്തിനാല് വയസായിരുന്നു അന്ന് അരുണിന് പ്രായം. ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. എന്നാലിന് ആ ചുറുചുറുക്കില്ല. കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ ജീവച്ഛവമായി കിടക്കുകയാണ് അദ്ദേഹം.

അട്ടപ്പാടി സ്വദേശികളായ സജിമോന്റെയും ലില്ലിയുടെയും മകനായ അരുണിന്റെ ജീവിതം മാറ്റിമറിച്ചത് പാലക്കാട്, ഒറ്റപ്പാലത്ത് വച്ചുണ്ടായ ബൈക്ക് അപകടമാണ്. ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അരുൺ, ജോലിക്കിടെ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് ബൈക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ശരീരം തളർന്നു. വാഹനമോടിച്ചപ്പോൾ അരുൺ ഹെൽമെറ്റ് ധരിക്കാതിരുന്നത് മൂലം തലക്ക് ഗുരുതരമായി പരിക്കേറ്റു.

നീണ്ട ചികിത്സയ്ക്കൊടുവിൽ അരുണിന് ഭാഗികമായി ബോധം തിരിച്ചുകിട്ടി. ബൈക്ക് തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്ന മൊഴികൾ മൂലം ഇൻഷുറൻസ് തുകയും ലഭിച്ചില്ല. ഇൻഷുറൻസ് തുക ചികിത്സക്ക് ഉപകരിക്കുമെന്നതിനാൽ അത് കിട്ടാനായുള്ള നിയമപോരാട്ടത്തിലാണ് കുടുംബം.

മകനെ ചികിത്സിക്കാനായി ആകെയുണ്ടായിരുന്ന വീടും പത്ത് സെന്റ് സ്ഥലവും കടയും സജിമോനും ലില്ലിയും വിറ്റു. സ്വദേശം വിട്ട് എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുംബം ഇപ്പോൾ. സജിമോൻ ടാക്സി ഓടിച്ച് കിട്ടുന്ന തുച്ഛമായ പണം അരുണിന്റെ ചികിത്സക്കും വീട്ടുചെലവിനും തികയുന്നില്ല. തുടർച്ചയായി ചികിത്സ നൽകിയാൽ മകനെ മിടുക്കനായി തിരികെ ലഭിക്കുമെന്ന ഡോക്ടർമാരുടെ വാക്കുകളിലാണ് ഇവരുടെ പ്രതീക്ഷ.

ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ് നിർബന്ധമായി ധരിക്കണമെന്നും വഴിക്കണ്ണുമായി വീട്ടിൽ പ്രിയപ്പെട്ടവർ കാത്തിരിപ്പുണ്ടെന്ന് ഓർക്കണമെന്നും ഈ മാതാപിതാക്കൾ ഓർമ്മിപ്പിക്കുന്നു.

click me!