പാലാരിവട്ടം പാലം: അറ്റകുറ്റപണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെ ഏൽപ്പിച്ചു

By Web TeamFirst Published Nov 17, 2019, 7:01 AM IST
Highlights
  • പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾക്ക് മേൽനോട്ടം വഹിക്കാൻ ഡിഎംആർസിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു
  • പതിനെട്ടര കോടിരൂപയ്ക്കാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കേണ്ടത്

കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ക്റ്റ് സൊസൈറ്റിയെ ഏൽപ്പിച്ചു. ഡി.എം.ആർ.സിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അറ്റകുറ്റപ്പണിയുടെ ചുമതല ഡിഎംആർസിയ്ക്കായിരുന്നു.

പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾക്ക് മേൽനോട്ടം വഹിക്കാൻ ഡിഎംആർസിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. 22 ദിവസംകൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് അറ്റകുറ്റപണികളുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് ഡിഎംആർസി കൈമാറിയത്. 

പതിനെട്ടര കോടിരൂപയ്ക്കാണ് അറ്റകുറ്റപണികൾ പൂർത്തിയാക്കേണ്ടത്. പാലം പൊളിക്കുന്നത് തത്കാലം തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അതുകൊണ്ട് പണികൾ ഇപ്പോൾ തുടങ്ങാനാവില്ല. പാലത്തിൽ ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എഞ്ചിനീയർമാരുടെ സംഘടനയടക്കമുള്ളവർ നൽകിയ വിവിധ ഹർജികൾ കോടതിയുടെ പരിഗണനയിലാണ്. 

എന്നാൽ ഈ ഹർജികളിൽ തീരുമാനമാകുന്നതിന് മുമ്പ് തന്നെ പണിതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ഡിഎംആർസിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് ഡിഎംആർസി കരാർ ഊരാളുങ്കലിന് ഏൽപ്പിച്ചിരിക്കുന്നത്. 
പോലീസിന്‍റെ ഡാറ്റാബേസിൽ പ്രവേശിക്കാൻ ഊരാളുങ്കലിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിയസഭയിൽ കത്തിനിൽക്കുന്നതിനിടെയാണ്, പാലാരിവട്ടം പാലത്തിന്‍റെ അറ്റകുറ്റപണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചിരിക്കുന്നത്.

click me!