'യുവാക്കൾ ചെയ്തത് നല്ല കാര്യം', പക്ഷേ ബൈക്ക് ആംബുലൻസിന് പകരമാകില്ല; തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

By Web TeamFirst Published May 8, 2021, 12:45 PM IST
Highlights

'ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളു. ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം'

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ നിർണായക ഘട്ടങ്ങളിൽ ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ കണ്ടെത്തി സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആംബുലൻസ് വെകിയ സന്ദർഭത്തിൽ  പുന്നപ്രയിൽ ബൈക്കിൽ കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തെ ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പുന്നപ്രയിലെ യുവാക്കൾ ചെയ്തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേർ ചേർന്ന് നടുക്ക് ഇരുത്തി ആശുപത്രിയിൽ എത്തിച്ച്  രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലൻസിന് പകരമല്ല. ആംബുലൻസിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘടത്തിൽ അവർ ഉപയോഗിച്ചുവെന്നേയുള്ളു. 

നിർണായകഘട്ടത്തിൽ ആംബുലൻസിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വെക്കണം.  പെട്ടന്ന് ആംബുലൻസ് ലഭിച്ചില്ലെങ്കിൽ ഉപയോഗിക്കാൻ പകരം വാഹനസംവിധാനം അല്ലങ്കിൽ വാഹനങ്ങൾ കണ്ടെത്തണം. സിഎഫ്എൽടിസി ആണെങ്കിലും ഡൊമിസിലറി കേയർ സെന്റർ ആണെങ്കിലും അവിടെ ആരോഗ്യ പ്രവർത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയർ സെന്ററുകളിൽ ആംബുലൻസ് ഉറപ്പാക്കണമെന്നും പുന്നപ്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡ് പ്രതിരോധത്തിൽ വാർഡ് തല സമിതികളെ വിമർശിച്ച അദ്ദേഹം, വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങളിൽ മങ്ങൽ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വാർഡ് തല സമിതി ഉണ്ടാക്കാത്ത സ്ഥാപനങ്ങൾ ഉടൻ അത് രൂപീകരിക്കണം. വാർഡ് തല സമിതി അംഗങ്ങൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകണം. വാർഡുകളിലെ അശരണർ. കിടപ്പു രോഗികൾ എന്നിവർക്ക് പ്രത്യകം പരിചരണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!