ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ, സഭാ സമ്മേളനം നാളെ മുതൽ; എതിർക്കാൻ പ്രതിപക്ഷം

Published : Aug 21, 2022, 06:47 AM ISTUpdated : Aug 21, 2022, 11:58 AM IST
ഗവർണർ, ലോകായുക്ത അധികാരങ്ങൾ വെട്ടാൻ ബിൽ, സഭാ സമ്മേളനം നാളെ മുതൽ; എതിർക്കാൻ പ്രതിപക്ഷം

Synopsis

ബില്ലുകളെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷം സ്വർണ്ണക്കടത്ത് അടക്കമുള്ള മറ്റ് വിവാദ വിഷയങ്ങളിലും സർക്കാറിനെ നേരിടും.

തിരുവനന്തപുരം : കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലെ പോര് അതിരൂക്ഷമായിരിക്കെ നാളെ മുതൽ നിയമസഭാ സമ്മേളനം ചേരുകയാണ്. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സഭാ സമ്മേളനത്തിൽ വരും. ബില്ലുകളെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷം സ്വർണ്ണക്കടത്ത് അടക്കമുള്ള മറ്റ് വിവാദ വിഷയങ്ങളിലും സർക്കാറിനെ നേരിടും.

ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണ്ണർ അസാധുവാക്കിയ സവിശേഷ സാഹചര്യത്തിലാണ് നിയമ നിർമ്മാണത്തിന് മാത്രമായുള്ള സഭാ സമ്മേളനം നടക്കുന്നത്. ഗവർണ്ണർ-സർക്കാർ അസാധാരണ പോര് തന്നെയാണ് സഭാ സമ്മേളനത്തിലെ പ്രത്യേകത. ലോകായുക്ത നിയമ ഭേദഗതി ബിൽ വരുന്നത് ബുധനാഴ്ചയാണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിർക്കും. എന്നാൽ സിപിഐ സ്വീകരിക്കാൻ പോകുന്ന നിലപാടും നിർണ്ണായകമാകും. ഇതുവരെ ഭേദഗതിയിൽ സിപിഎം-സിപിഐ ചർച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന സർക്കാർ ഭേദഗതിയോട് സിപിഐക്ക് എതിർപ്പാണ്. 

സർക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടേയെന്നാണ് സിപിഐ നിർദ്ദേശം. ഇത് സർക്കാറിൻറെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും വെച്ച ധാരണ. സിപിഐയുടെ പിന്നോട്ടും പോക്ക് അടക്കം വലിയ ചർച്ചയാകും. 

വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലാണ് അടുത്തത്. ഇതിനെ ശക്തമായി എതിർക്കാനൊരുങ്ങുന്ന പ്രതിപക്ഷം, പ്രിയാ വർഗ്ഗീസിന്റേതടക്കമുള്ള ബന്ധുനിയമനങ്ങളും ഉന്നയിക്കും. ഗവർണ്ണറുമായി ഇതുവരെ സമവായത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി വിവാദത്തിൽ നിലപാട് വ്യക്തമാക്കുന്നതും സഭയിലാകും. 

സിപിഎമ്മിന് വഴങ്ങുമോ സിപിഐ ? ലോകായുക്തയിൽ നിലപാട് എന്താകും? ചർച്ച ചെയ്യാൻ നിർവ്വാഹക സമിതിയോഗം

റോഡിലെ കുഴി അടക്കമുള്ള സമീപകാലത്തെ മറ്റ് വിഷയങ്ങളും ഇനിയും പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി ഉത്തരം നൽകുന്നില്ലെന്ന് കാണിച്ച് സ്വർണ്ണക്കടത്തും പ്രതിപക്ഷം വീണ്ടും ഉന്നയിക്കും. മെൻറർ വിവാദത്തിൽ മാത്യു കുഴൽനാടൻറെ അവകാശലംഘനത്തിന് നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി സമ്മേളനത്തിൽ ഉണ്ടാകുമോ എന്നുള്ളതാണ് മറ്റൊരു ആകാംക്ഷ. ഗവർണ്ണർ വിവാദത്തിൽ അടക്കം ഏറ്റുമുട്ടുമ്പോഴും കിഫ്ബിയിലും ഇഡി നീക്കങ്ങളോട് ഭരണ പ്രതിപക്ഷം തമ്മിൽ കൈകോർക്കലിനും സഭ സാക്ഷ്യം വഹിച്ചേക്കാം.

അതേ സമയം, നാളെ നിയമസഭ ചേരാനിരിക്കെ, ലോകായുക്ത ഭേദഗതിയിൽ നിലപാട് ചർച്ച ചെയ്യാൻ സിപിഐ നിർവ്വാഹക സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമ നിർമ്മാണങ്ങൾക്ക് മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് നയരൂപീകരണത്തിന് സിപിഐ തയ്യാറെടുക്കുന്നത്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നതിലാണ് സിപിഐക്ക് എതിർപ്പ്. 

ഗവർണർക്കെതിരായ പ്രമേയം, കേരള വിസിക്കെതിരെ നടപടിയെടുത്തേക്കും

ഇതിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാര സമിതി രൂപീകരണം അടക്കം നിർദ്ദേശങ്ങളും പാർട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് മുൻ നിലപാടിൽ നിന്നുള്ള പുറകോട്ട് പോക്കായി പാർട്ടിക്കകത്ത് തന്നെ വിമർശനം ഉയർന്നിട്ടുമുണ്ട്. ബുധനാഴ്ചയാണ് ബില്ല് നിയമസഭയിൽ വരുന്നത്. ഇതിന് മുൻപ് സിപിഎം -സിപിഐ ഉഭയകക്ഷി ചർച്ചയിലൂടെ സമവായ സാധ്യതകളും പരിശോധിച്ച് വരികയാണ്. 


PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്