
ദില്ലി: ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹർജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം, പ്രായപരിശോധന തടയണം, ദർശനം നടത്താൻ ഉദ്ദേശിക്കുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നല്‍കണം എന്നിവയാണ് ബിന്ദു അമ്മിണിയുടെ ഹർജിയിലെ ആവശ്യങ്ങൾ. സ്‌ത്രീപ്രവേശന വിധിക്ക് സംസ്ഥാന സർക്കാർ പ്രചാരണം നല്‍കണമെന്നും അപേക്ഷയിലുണ്ട്. ശബരിമല ദർശനത്തിന് അനുവദിക്കണം എന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കഴിഞ്ഞ ചൊവ്വാഴ്‍ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ച് പോയിരുന്നു. ചൊവ്വാഴ്‍ച രാവിലെ എട്ടുമണിയോടെയാണ് സംഘർഷഭരിതമായ സംഭവങ്ങൾ ഉണ്ടായത്. കമ്മീഷണർ ഓഫീസിലെത്തിയത് ബിന്ദു അമ്മിണി ആണെന്നറിഞ്ഞതോടെ പ്രതിഷേധവുമായി ശബരിമല കർമസമിതി പ്രവർത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരുമെത്തി. തുടർന്ന് വാക്കേറ്റമുണ്ടാവുകയും ബിന്ദു അമ്മിണിയെ തടയുകയും ചെയ്യുകയായിരുന്നു.
സുരക്ഷ തേടി കൊച്ചി കമ്മീഷണര്‍ ഓഫീസിൽ എത്തിയെങ്കിലും ബിജെപി, ആര്‍എസ്എസ് പ്രതിഷേധം മൂലം ബിന്ദു അമ്മിണിക്ക് പുറത്തിറങ്ങാനായില്ല. ഇതിനിടെ ബിന്ദുവിന് നേരെ മുളക് സ്പ്രേ ആക്രമണവും നടന്നിരുന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ബിന്ദുവിന് നേരെ ആക്രമണം നടത്തിത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ തിരികെപ്പോകില്ലെന്നും ശബരിമല ദർശനത്തിനാണ് വന്നതെന്നും ബിന്ദു പറഞ്ഞെങ്കിലും സുരക്ഷ നല്‍കില്ലെന്നായിരുന്നു പൊലീസിന്‍റെ നിലപാട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam