'ഇതാണ് കേരളം'; ഡിവൈഎഫ്ഐ പൊതിച്ചോറിലെ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ

Published : Jan 25, 2023, 06:28 PM ISTUpdated : Jan 25, 2023, 06:29 PM IST
'ഇതാണ് കേരളം'; ഡിവൈഎഫ്ഐ പൊതിച്ചോറിലെ കുറിപ്പ് പങ്കുവെച്ച് ബിന്ദുകൃഷ്ണ

Synopsis

മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ രാജേഷ് മോൻജി പങ്കുവെച്ചതോടെയാണ് കുറിപ്പ് പുറം ലോകമറിഞ്ഞത്.

മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഇടതുയുവജന സംഘടനയായ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറിലെ കുറിപ്പ് പങ്കുവെച്ച്  കോൺ​ഗ്രസ് വനിതാ നേതാവ് ബിന്ദുകൃഷ്ണ. ഇതാണ് കേരളം എന്ന അടിക്കുറിപ്പോടെയാണ് ബിന്ദുകൃഷ്ണ കുറിപ്പ് പങ്കുവെച്ചത്.  മെഡിക്കല്‍ കോളജ് ആശുപത്രികളിലെ രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എത്തിക്കുന്ന ഡിവൈഎഫ്ഐയുടെ പദ്ധതിയാണ് ഹൃദയപൂര്‍വ്വം. പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വിതരണം ചെയ്ത ഒരു പൊതിച്ചോറിലെ ഹൃദയം തൊടുന്ന കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. 

മമ്പാട് എംഇഎസ് കോളജിലെ അധ്യാപകനായ രാജേഷ് മോൻജി പങ്കുവെച്ചതോടെയാണ് കുറിപ്പ് പുറം ലോകമറിഞ്ഞത്. അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ള കുറിപ്പിലുള്ളത്. 

രാജേഷ് മോൻജിയുടെ കുറിപ്പ് വായിക്കാം

"ചേട്ടാ ചേച്ചീ ഉമ്മാ താത്താ അമ്മാ
ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽ പോകാനുള്ള തന്ത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേതമാകട്ടെ"

കോഴിക്കോട് മെഡിക്കൽ കോളേജിൽ Dyfi നല്കുന്ന 'ഹൃദയപൂർവ്വം' ഉച്ചഭക്ഷണം - പൊതിച്ചോറിൽ നിന്നും കിട്ടിയ കുറിപ്പാണ്. ഏതോ നാട്ടിലെ ഒരു കുട്ടി, സ്കൂളിൽ പോകുന്നതിനു മുമ്പ് ധൃതിപ്പെട്ടു തയ്യാറാക്കിയ പൊതിച്ചോറ്. ഒരു പക്ഷേ, അവിചാരിതമായിട്ടായിരിക്കും ആ കുട്ടിക്ക് ഈ പൊതിച്ചോറ് തയ്യാറാക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവുക. പൊതിച്ചോറ് നൽകേണ്ട ദിവസം അമ്മയ്ക്ക് എവിടെയോ പോവേണ്ടി വന്നിട്ടുണ്ടാവാം. തങ്ങളുടെ പൊതിച്ചോറിനായി കാത്തു നിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുട്ടിയുടെ മനസ്സിൽ തെളിഞ്ഞിട്ടുണ്ടാവുക! താൻ നിർവ്വഹിക്കുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വമാണ് എന്ന ബോധ്യം കൂടി ആ കുട്ടിക്കുണ്ടാവാം.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവും. തീർച്ചയായും വലിയ കാര്യം തന്നെയാണ്. ഒരു ദിവസം രണ്ടായിരത്തോളം പൊതിച്ചോർ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻ പറ്റണമെങ്കിൽ എത്ര വീടുകളിൽ, എത്ര മനുഷ്യർ, ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന മനുഷ്യരെക്കുറിച്ച് ഈ ദിവസം ചിന്തിച്ചിട്ടുണ്ടാവണം! 'അവനോനെ'ക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനുഷ്യർക്ക് പകരം മറ്റുള്ളവരെക്കുറിച്ചുകൂടി ചിന്തിക്കുകയും, വിശാലമായ മാനവികബോധത്തിലേക്ക് വാതിൽ തുറന്നുവെയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യനിർമ്മാണപ്രക്രിയയുടെ ഭാഗമാവുകയാണ് താനെന്ന് ആ കുട്ടി സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഒരു നേരമെങ്കിലും ആ വരിയിൽ നിന്ന് പൊതിച്ചോർ വാങ്ങാനിടവന്നവർ അതിന്റെ പിന്നിലുള്ള മനുഷ്യരെ സ്നേഹത്തോടെ ഓർത്തു കാണണം.

പൊതിച്ചോർ ശേഖരിക്കാനായി നാട്ടിലെ ചെറുപ്പക്കാർ വീട്ടിൽ വരാറുണ്ട്. അത് നല്കാനുള്ള ഒരവസരവും ഇതുവരെ പാഴാക്കിയിട്ടില്ല.

(കുഞ്ഞേ നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ല രുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹം
അക്ഷരത്തെറ്റ് വരാതെ സൂക്ഷിക്കണം.
*തത്രപ്പാട്

*ഭേദം
(നുമ്മ ഒരു മാഷായിപ്പോയി. ക്ഷമിക്കണം)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'