
തിരുവനന്തപുരം:ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ അറിയിച്ചു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവിടാന്തരം എത്തിക്കുന്നതിന്‍റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന ക്യാമ്പയിന്‍, മുന്ന് ഘട്ടങ്ങളായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്. ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വെന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മഹിളാ മാര്‍ച്ചുകളും സംഘടിപ്പിക്കും.
മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ക്യാമ്പയിന്‍റെ ലക്ഷ്യം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ ഏറ്റെടുത്ത ലക്ഷ്യത്തിന്‍റെ തുടര്‍ച്ചയാണിത്. സാധാരണക്കാരന്‍റെ ജീവിത്തെ ബാധിച്ച വിലക്കയറ്റം, തൊഴില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങള്‍ ജനമധ്യത്തില്‍ ചര്‍ച്ചയാക്കും. പാചക വാതകത്തിന്‍റേയും പ്രെടോളിയം ഉത്പന്നങ്ങളുടെയും വില മൂന്നിരട്ടി വര്‍ധിച്ചു. അസംസ്‌കൃത എണ്ണയുടെ വില അന്തരാഷ്ട്ര വിപണിയില്‍ കുറയുന്നതിന് അനുസൃതമായി ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ മേല്‍ അധികനികുതി ചുമത്തി മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി ഭീകരതയാണ് രാജ്യത്ത്. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പാല്‍ ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നത് അവയുടെ വില വര്‍ദ്ധിക്കാന്‍ ഇടയാക്കി. എന്തിന് ശ്മശാനങ്ങള്‍ക്കും പോലും ജിഎസ്ടി ഈടാക്കുന്ന മനുഷ്യത്വരഹിത സമീപനമാണ് മോദീ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നെറ്റ ഡിസൂസ പറഞ്ഞു.
കോവിഡാനന്തരം മോദിയുടെ ചങ്ങാതിമാരായ കോര്‍പ്പറേറ്റ് മുതലാളിമാര്‍ സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയപ്പോള്‍ 12 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായ സാഹചര്യമാണ് ഇന്ത്യയില്‍. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനായി കോടികളാണ് പൊടിക്കുന്നത്. രാജ്യ സുരക്ഷ ഇത്രയേറെ വെല്ലുവിളി നേരിട്ട കാലഘട്ടമില്ല. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടി വെറുപ്പിന്‍റേയും വിദ്വേഷത്തിന്‍റേയും സംഘപരിവാര്‍ രാഷ്ട്രീയത്തെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് തുരത്തുക എന്ന ലക്ഷ്യമാണ് ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും നെറ്റ ഡിസൂസ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam