
കൊച്ചി: പ്രതിപക്ഷ ബഹളത്തിനിടയിൽ തൃക്കാക്കര നഗരസഭയിൽ സെക്രട്ടറിയെ മാറ്റണമെന്ന പ്രമേയം പാസാക്കി യുഡിഎഫ്. ചട്ടം ലംഘിച്ചുള്ള പ്രമേയത്തിന് പിന്തുണ നൽകിയെന്ന് ആരോപിച്ച് സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടിനെ പ്രതിപക്ഷം ഉപരോധിച്ചു. സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് കത്തയക്കുമെന്ന് നഗരസഭ അധ്യക്ഷ പ്രതികരിച്ചു.
നഗരസഭ അദ്ധ്യക്ഷയും സെക്രട്ടറിയും തമ്മിലെ തർക്കം പൊലീസ് കേസ് വരെ എത്തിയ സാഹചര്യത്തിൽ കൂടിയായിരുന്നു ഭരണപക്ഷ പ്രമേയം. സെക്രട്ടറിയെ മാറ്റണമെന്ന പ്രമേയം അവതരിപ്പിക്കാൻ ചേർന്ന അടിയന്തര കൗൺസിലിന്റെ തുടക്കം തന്നെ വാക്കേറ്റമായിരുന്നു. ആകെ ബഹളമയം. ഏത് മുനിസിപ്പൽ വകുപ്പ് പ്രകാരമാണ് പ്രമേയമെന്ന് വ്യക്തമാക്കുന്ന ഫയൽ നമ്പർ നോട്ടീസിൽ രേഖപ്പെടുത്താത്തത് പ്രതിപക്ഷം ആയുധമാക്കിയത്. തർക്കം തുടരുന്നതിനിടെ ഭരണപക്ഷത്തിലെ 25 അംഗങ്ങളും എഴുന്നേറ്റ് നിന്ന് ഡെസ്കിലടിച്ച് പ്രമേയം പാസാക്കി.സൂപ്രണ്ടിനെ തടഞ്ഞ് വെച്ച് അല്പ സമയം കൂടി പ്രതിപക്ഷം പ്രതിഷേധം തുടർന്നു.
നഗരസഭ സെക്രട്ടറിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച അദ്ധ്യക്ഷ അജിത തങ്കപ്പൻ പ്രമേയത്തിലെ ആവശ്യം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തയക്കുമെന്ന് വ്യക്തമാക്കി. നഗരസഭയിലെ ക്രമക്കേടുകൾ അനുവദിക്കാത്തതിൽ നഗരസഭ അദ്ധ്യക്ഷ ഭീഷണിപ്പെടുത്തുന്നുവെന്ന് സെക്രട്ടറി ബി അനിൽ പൊലീസിനും തദ്ദേശഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയതാണ് പുതിയ പോർമുഖത്തിന് കാരണമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam