വിദേശ പിഎച്ച്ഡി പഠനം ഉപേക്ഷിക്കാനൊരുങ്ങി പട്ടികവര്‍ഗ വിദ്യാര്‍ത്ഥി; ബിനീഷ് ബാലന്‍റെ പഠനസഹായം ചുവപ്പ് നാടയില്‍

By Elsa Tresa JoseFirst Published Jul 11, 2019, 4:14 PM IST
Highlights

ബിനീഷ് ബാലന്‍ ആവശ്യപ്പെട്ടത് മെറിറ്റില്‍ പ്രവേശനം ലഭിച്ച ഉന്നതകോഴ്സ് പൂര്‍ത്തിയാക്കാനുള്ള സ്കോളര്‍ഷിപ്പ്. എന്നാല്‍ സര്‍ക്കാര്‍ കൊടുത്തത് വിദേശ പഠനത്തിനുള്ള സാമ്പത്തിക സഹായവും. ബിനീഷിന് അനുവദിച്ച തുക പൂര്‍ണമായും നല്‍കിയെന്നാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം

ആംസ്റ്റര്‍ഡാം: പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് പിഎച്ച്ഡി പഠനത്തിനായി അനുവദിച്ച സ്കോളര്‍ഷിപ്പിന് ചുവപ്പുനാടയുമായി ഉദ്യോഗസ്ഥര്‍. കാസര്‍കോഡ് കൊളിച്ചാല്‍ സ്വദേശി ബിനീഷ് ബാലനാണ് ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്സിറ്റിയിലുള്ള- പിഎച്ച്ഡി പഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കില്ലെന്ന് അറിയിപ്പ് ലഭിക്കുന്നത്. രണ്ട് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ നേരത്തെ സ്കോളര്‍ഷിപ്പിന് അനുമതി നല്‍കിയെങ്കിലും സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍ ബിനീഷ് ബാലനോട് കനിഞ്ഞില്ല. പിഎച്ച്ഡി പഠനത്തിന്‍റെ ആദ്യവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയാവുമ്പോഴാണ് അര്‍ഹമായ സ്കോളര്‍ഷിപ്പ് നിഷേധിച്ചുകൊണ്ട് ബിനീഷിന് അറിയിപ്പ് ലഭിക്കുന്നത്. 

മെറിറ്റില്‍ കിട്ടിയ പഠനാവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ സ്കോളര്‍ഷിപ്പ് അനുവദിച്ച് നല്‍കണമെന്ന് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി പി കെ ജയലക്ഷ്മിക്കാണ് ബിനീഷ് ആദ്യം അപേക്ഷ നല്‍കിയത്. മന്ത്രി നല്‍കിയ ഉത്തരവ് പാലിക്കാതെ ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് അനുവദിച്ച സ്കോളര്‍ഷിപ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മന്ത്രി എ കെ ബാലന്‍ ഇടപെട്ട് വീണ്ടും അനുവദിച്ചു. വിഷയത്തില്‍ മന്ത്രി എ കെ ബാലന്‍റെ ഇടപെടല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍  മന്ത്രിയുടെ ഉത്തരവ് പോലും  ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചു.

പിന്നീട് മന്ത്രി വീണ്ടും ഇടപെട്ടതോടെ ധനസഹായം ബിനീഷിന് ലഭിച്ചു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്‍റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പും ബിനീഷിന് ലഭിച്ചു. ഈ ബഹുമതി നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗ്ഗക്കാരനായാണ് ബിനീഷ് ലണ്ടനിലെത്തിയത്. സര്‍ക്കാര്‍ ധനസഹായം ലഭിച്ച് ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്സിറ്റി യില്‍ നരവംശശാസ്ത്രത്തില്‍ പിഎച്ച്ഡി പഠനം പുരോഗമിക്കുന്നതിനിടെയാണ് മെറിറ്റ് സ്കോളർഷിപ്പ് നിരസിച്ചുകൊണ്ടുള്ള ജോയിന്‍റ് സെക്രട്ടറിയുടെ ഉത്തരവ് ഇപ്പോള്‍ ബിനീഷിന് ലഭിക്കുന്നത്. 

പിഎച്ച്ഡി പ്രവേശനം നേടുന്നതിന് മുന്‍കൂര്‍ അനുമതി സര്‍ക്കാരില്‍ നിന്ന് നേടിയില്ലെന്നും സാമ്പത്തിക സഹായം കൊടുക്കുന്നില്ലെന്നുമാണ് സ്കോളര്‍ഷിപ്പ് നിഷേധിക്കുന്നതിന് കാരണമായി അധികൃതര്‍ പറയുന്നതെന്നാണ്  ബിനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. പിഎച്ച്ഡി പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബിനീഷ് വ്യക്തമാക്കി. ആംസ്റ്റര്‍ഡാമിലെ യൂണിവേഴ്സ്റ്റിയില്‍ അധ്യാപകരോട് വിവരം പങ്കുവച്ചിട്ടുണ്ടെന്നും എല്ലാം ശരിയാകമെന്ന പ്രതീക്ഷയിലാണ് ഉള്ളതെന്നും ബിനീഷ്  പറഞ്ഞു. 

2017ലെ ഓവര്‍സീസ് സ്കോളര്‍ഷിപ്പ് അടിസ്ഥാനമാക്കിയാണ് ബിനീഷ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ അപേക്ഷ സ്കോളര്‍ഷിപ്പ് ഗണത്തില്‍ അല്ല സാമ്പത്തിക സഹായമെന്ന നിലയിലാണ് പരിഗണിച്ചതെന്നാണ് ബിനീഷ് പറയുന്നത്. മെറിറ്റിന് അര്‍ഹതയുള്ളതുകൊണ്ടല്ലേ നമ്മള്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുക. ഇതെങ്ങനെയാണ് സാമ്പത്തിക സഹായമായി കണക്കാക്കുകയെന്ന് ബിനീഷ് ചോദിക്കുന്നു. 

നിലവിൽ അനുവദിച്ച തുക 2015 വർഷത്തിൽ സർക്കാർ ഉത്തരവായതും എന്നാൽ അത് ഐയര്‍ലന്‍ഡിലെ ട്രിനിറ്റി കോളേജിലേക്ക് എന്ന് തിരുത്തി നൽകിയതും ആണ്. ട്രിനിറ്റി കോളേജിലെ പഠനത്തിനായി 29,9 ലക്ഷം രൂപയാണ് ബിനീഷിന് ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചത്. ഇത് ഫ്രീ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് വേണ്ടിയുപയോഗിക്കാമെന്നും തുടര്‍ന്ന് സാമ്പത്തിക സഹായം നല്‍കുകയില്ലെന്നുമാണ് നിലവില്‍ ലഭിച്ച ഉത്തരവില്‍ വിശദമാക്കുന്നത്. സെക്രട്ടറിയേറ്റിലെ പട്ടികവര്‍ഗക്ഷേമ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നത്. ഏറെ കഷ്ടപ്പാടുകള്‍ പിന്നിട്ടാണ് കാസര്‍കോഡ് കൊളിച്ചാല്‍ 18-ാം മൈല്‍ സ്വദേശിയായ ബിനേഷ് സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 

എന്നാല്‍  അനുവദിച്ച ധനസഹായത്തുക പൂര്‍ണമായും ബിനീഷിന് നല്‍കിയിട്ടുണ്ടെന്നും വിദേശപഠനത്തിനുള്ള ധനസഹായം 25 ലക്ഷം രൂപയുടേതാണെന്നും എകെ ബാലന്‍റെ ഓഫീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ബിനീഷ് ആവശ്യപ്പെട്ടത് 29 ലക്ഷംരൂപയോളമാണ്. വിദേശപഠന പദ്ധതിക്ക് ചില മാനദണ്ഡങ്ങളുണ്ട്. അത് ബിനീഷിന്‍റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അതിനാല്‍ പ്രത്യേക കേസായി പരിഗണിച്ചായിരുന്നു ബിനീഷിന് ധനസഹായം നല്‍കിയത്. എന്നാല്‍ അനുമതി നല്‍കിയ കോഴ്സിനോ വിദ്യാഭ്യാസ സ്ഥാപനത്തിലോ അല്ല ബിനീഷ് പഠിക്കുന്നതെന്നുമാണ് സംഭവത്തെക്കുറിച്ച് മനസ്സിലാക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിഎകെ ബാലന്‍റെ ഓഫീസില്‍ നിന്നും വ്യക്തമാക്കി.

ആദിവാസി ആയത് കൊണ്ടാണ് അവരെനിക്ക് അര്‍ഹതപ്പെട്ട ധനസഹായം നിഷേധിച്ചത്
click me!