സെക്രട്ടറിയേറ്റിലെ ജാതിവെറിക്കിരയായി ഉന്നത പഠന മോഹം അനന്തമായി നീണ്ടെങ്കിലും ഒടുവില്‍ ബിനീഷ് ബാലന്റെ പോരാട്ടം ലക്ഷ്യം കണ്ടു. ബിനീഷ് ബാലന്‍ ഇനി  ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പഠനം നടത്തിയ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് എക്കണോമിക്സില്‍ എംഎ. അന്ത്രോപോളജിയില്‍ തുടര്‍ പഠനം ആരംഭിക്കും. പക്ഷേ അപ്പോഴും സംസ്ഥാന സര്‍ക്കാര്‍ പഠനത്തിനായി അനുവദിച്ച ധനസഹായം ബിനീഷിന് കിട്ടിയിട്ടില്ല. പഠനത്തിനായുള്ള പോരാട്ടത്തില്‍ ജയിച്ചു, പക്ഷേ കേരള ബ്യൂറോക്രാറ്റുകളുടെ ജാതീയ വേര്‍തിരിവില്‍ തോറ്റുപോയെന്ന് ബിനീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ബ്യൂറോക്രാറ്റുകളുടെ ജാതി അധിഷേപത്തിലും അവഗണനയിലും മാറിമാറി വന്ന സര്‍ക്കാരുകളുടെ മോഹന വാഗ്ദാനങ്ങളിലും  വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അനുവധിച്ച ധനസഹായം ഇന്നും ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്. സ്വപ്നം കണ്ട ഉന്നത പഠനം. മന്ത്രിസഭായോഗ തീരുമാനം പോലും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചപ്പോള്‍ കാസര്‍കോട് കൊള്ളിച്ചാല്‍ സ്വദേശിയായ ബി ബിനേഷിന് ഉടുവില്‍ തുണയായത് കേന്ദ്ര സര്‍ക്കാരാണ്.

 കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിുമായാണ് ബിനേഷ് ലണ്ടനില്‍ എത്തിയത്. മൂന്ന് വര്‍ഷത്തെ ഉന്നതപഠനത്തിനായി 42 ലക്ഷം രൂപയാണ് ലഭിക്കുക. ഇന്ത്യയില്‍ ആകെ 20 പേര്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നൊരാള്‍ക്ക് ആദ്യമായാണ് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. 

ഒരു ആദിവാസിയായത് കൊണ്ടാണ് അവരെനിക്ക് ധനസഹായം നിഷേധിച്ചത്

ഒരു ആദിവാസിയായത് കൊണ്ടാണ് അവരെനിക്ക് ധനസഹായം നിഷേധിച്ചത്, ബിനേഷ് എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. സെക്രട്ടട്ടറിയേറ്റില്‍ അര്‍ഹതപ്പെട്ട ആനുകൂല്യത്തിനായി ചെന്ന എന്നെ അവര്‍ അവഗണനയോടെയാണ് കണ്ടത്. ഒരു മന്ത്രിയുടെ, സര്‍ക്കാരിന്റെ തീരുമാനത്തിന് പോലും ഉദ്യോഗസ്ഥര്‍ വില കല്‍പ്പിക്കാത്ത് എന്നെ ഞെട്ടിച്ചുവെന്ന് ബിനീഷ് പറയുന്നു.

2014ല്‍ ആണ് ബ്രിട്ടനിലെ സസക്സ് സര്‍വ്വകലാശാലയില്‍ ആന്ത്രപ്പോളജിയില്‍ ഉപരിപഠനം നടത്താന്‍ എഴുതിയ പരീക്ഷ ബിനേഷ് വിജയിക്കുന്നത്. കേരളത്തില്‍ നിന്ന് അദ്യമായാണ് ഒരു പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിക്ക് ഇത്തരമൊരു അവസരം ലഭിച്ചത്. പക്ഷേ ബിട്ടനിലേക്ക് പോകാനും പഠന ചിലവിനുമായി ഭീമമായ തുക വേണം. അന്നത്തെ പട്ടികവര്‍ഗ ക്ഷേമ മന്ത്രി പികെ ജയലക്ഷ്മിയെ കണ്ട് വിഷയം അവതരിപ്പിച്ചു. പിന്നാക്കവിഭാഗത്തിനാകെ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ് മന്ത്രി പഠനത്തിനും മറ്റ് ചിലവുകള്‍ക്കുമായി പ്രത്യേക പരിഗണന നല്‍കി 27 ലക്ഷം രൂപ അനുവദിക്കാന്‍ ഉത്തരവിട്ടു. ഇതിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം വേണമായിരുന്നു. 

ഒരു മന്ത്രിയുടെ, സര്‍ക്കാരിന്റെ തീരുമാനത്തിന് പോലും ഉദ്യോഗസ്ഥര്‍ വില കല്‍പ്പിക്കാത്ത് എന്നെ ഞെട്ടിച്ചു

 

2015 ഒക്ടോബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ പ്രത്യേക കേസായി പരിഗണിച്ച് 27 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കി. എന്നാല്‍ ഈ ഉത്തരവ് സെക്രട്ടറിയേറ്റിലെ പട്ടികവര്‍ഗക്ഷേമ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. സെപ്തംബറില്‍ കോഴ്സിന് ചേരേണ്ട ബിനേഷിന് അവസരം നഷ്ടമായി. സാമ്പത്തിക പ്രശ്നം ചൂണ്ടിക്കാട്ടി സസക്സ് യൂണിവേഴ്സ്റ്റിക്ക് കത്തയച്ചതിനാല്‍ ആറ് മാസം സമയം നല്‍കി. ഉദ്യോഗസ്ഥര്‍ പണം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബിനേഷ് മന്ത്രിക്കും മുഖ്യമന്ത്രിക്കുമെല്ലാം പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ പണം അനുവദിക്കുന്നത് വൈകിപ്പിച്ചു. 

വകുപ്പ് മന്ത്രി പറഞ്ഞാല്‍പോലും കേള്‍ക്കാത്ത ഉദ്യോഗസ്ഥരാണ് സെക്രട്ടറിയേറ്റിലുള്ളത്

സെക്രട്ടറിയേറ്റിലെത്തിയ എനിക്ക് ജാതി വിളിച്ചുള്ള അവഹേളനമാണ് നേരിടേണ്ടി വന്നത്. വകുപ്പ് മന്ത്രി പറഞ്ഞാല്‍പോലും കേള്‍ക്കാത്ത ഉദ്യോഗസ്ഥരാണ് സെക്രട്ടറിയേറ്റിലുള്ളതെന്ന് ബിനേഷ് പറയുന്നു. ആറ് മാസം കഴിഞ്ഞിട്ടും ബിനേഷിന് പണം അനുവദിച്ചില്ല. ഇതോടെ സസക്സ് യൂണിവേഴ്സ്റ്റിയിലെ പടനമെന്ന ബിനേഷിന്റെ മോഹം പൊലിഞ്ഞു. ആദിവാസി വിഭാഗം അനുഭവിക്കുന്ന സാമൂഹിക അധിക്ഷേപത്തിന്റെ വേരന്വേഷിച്ചായിരുന്നു നരവംശ ശാസ്ത്രം പഠനവിഷയമായി തിരഞ്ഞെടുത്തത്. ഇതെല്ലാം സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥരുടെ ജാതി വെറിമൂലം ഇല്ലാതായി. 

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച തുക ലഭിക്കുമെന്ന് പ്രതീക്ഷ നഷ്ടപ്പെട്ടപ്പോഴാണ് കേന്ദ്ര സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമ്പോഴെങ്കിലും സെക്രട്ടറിയേറ്റില്‍ ചില മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പിന്നാക്ക വിഭാഗങ്ങളോടുള്ള അവഗണനയ്ക്കും അധിഷേപത്തിനും ഒരുമാറ്റവും വന്നിട്ടില്ലെന്ന് ബിനേഷ് പറയുന്നു. 

ജാതി അധിഷേപങ്ങളില്‍ തളരാന്‍ ബിനേഷ് തയ്യാറായില്ല. ലണ്ടന്‍ സ്‌കൂള്‍ ഓഫ് സാമ്പത്തികശാസ്ത്രത്തില്‍ എംഎസ്സി സോഷ്യല്‍ ആന്ത്രോപ്പോളജിയില്‍ പ്രവേശ പരീക്ഷയെയഴുതി അഡ്മിഷന്‍ നേടിയെടുത്തു.  വിദേശത്തേക്ക് പോകാനായി ഐഇഎല്‍ടിഎസ് പരീക്ഷയ്ക്കും വിമാന ടിക്കറ്റിനുമായി ഒന്നര ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. ഇതിനായി പട്ടികവര്‍ഗ ക്ഷേമ മന്ത്രി എകെ ബാലനെ കണ്ട് സാമ്പത്തിക സഹായത്തിന് അപേക്ഷ നല്‍കിയിരുന്നു. 

ആ പണം എനിക്കിന് കിട്ടാതിരിക്കെട്ടെ എന്നാണ് പ്രാര്‍ത്ഥന

അടിയന്തര പ്രാധാന്യത്തോടെ തുക അനുവദിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഈ ഉത്തരവും ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. ഇത് വാര്‍ത്തയായതോടെ പണം ലഭിച്ചു. മാധ്യമങ്ങള്‍ മന്ത്രിയുടെ ഇടപെടലിനെ ആഘോഷിച്ചു. മന്ത്രിസഭായോഗം അനുവദിച്ച 22 ലക്ഷം ഉടനെ അനുവദിക്കാമെന്ന് മന്ത്രി എ.കെ. ബാലന്‍ ഉറപ്പ് നല്‍കി. എന്നാല്‍ കഴിഞ്ഞദിവസം ബിനീഷ് ലണ്ടനിലെത്തി. ആ ചുവപ്പ് നാട ഇനിയും അഴിഞ്ഞിട്ടില്ല.  ആ പണം എനിക്കിന് കിട്ടാതിരിക്കെട്ടെ, തുടര്‍ പഠനത്തിന് പോയതും, സര്‍ക്കാര്‍ പണം അനുദിക്കാഞ്ഞതുമെല്ലാം വാര്‍ത്തയാകുമ്പോള്‍ പേടിയാണെന്ന് ബിനീഷ് പറയുന്നു.

മറ്റൊരു ധനസഹായം തേടരുതെന്ന ബോണ്ടിലാണ് കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ്. കഷ്ടപ്പെട്ട് പഠിച്ചതിനുള്ള ഫലമാണ് എനിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടാന്‍ കാരണം. ഇനി ആ ധനസഹായം അനുവദിച്ച് കുഴപ്പത്തിലാക്കരുതെന്നാണ് ബിനീഷ് പറയുന്നത്. നിസഹായവസ്ഥയിലും കേരളത്തിലെ ജാതിയതയുടെ ഉദ്യോഗസ്ഥരുടെ ജാതിവെറിയോടാണ് ബിനീഷ് അപേക്ഷിക്കുന്നത്.

ദാരിദ്രവും കഷ്ടപ്പാടുമെല്ലാം അതിജീവിച്ചാണ് കാസര്‍കോഡ് കൊളിച്ചാല്‍ 18-ാം മൈല്‍ സ്വദേശിയായ പട്ടിക വര്‍ഗവിഭാഗക്കാരനായ ബിനേഷ് ബാലന്‍ സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിത്. അസുഖ ബാധിതരായി അച്ഛന്‍ ബാലനും അമ്മ ഗിരിജയും കിടപ്പിലായതോടെ കൂലിപ്പണിയെടുത്താണ് ഡിഗ്രിവരെ ബിനേഷ് പഠനത്തിന് പണം കണ്ടെത്തിയത്. കാസര്‍കോട് സെന്റ് ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഡെവലപ്മെന്റ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കേരള യൂണിവേഴ്സ്റ്റിയില്‍ നിന്ന് എച്ച് ആര്‍ മാര്‍ക്കറ്റിംഗില്‍ എംബിഎയും ബിനേഷ് നേടിയെടുത്തത് സ്വപ്രയത്നം കൊണ്ടാണ്.