കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

By Web TeamFirst Published Jun 9, 2021, 11:17 AM IST
Highlights

ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു കൊവിഡ് മുക്തനായില്ലെന്ന് കോടതിയെ അറിയിച്ചു. തുടർന്നാണ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയത്.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത ബുധനാഴ്ചയാണ് ഇനി കേസ് പരിഗണിക്കുക. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ്‌വി രാജു കൊവിഡ് ബാധിച്ച് ആശുപത്രിയിലാണെന്ന് അറിയിച്ചതിനെ തുടർന്നാണ് കേസ് എട്ടാം തവണയും കോടതി മാറ്റിയത്.

ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍ ഇതുസംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമായിരുന്നും ഇന്ന് നടക്കേണ്ടിയിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231ദിവസം പിന്നിട്ടു.

കഴിഞ്ഞ വർഷം ഒക്ടോബറില്‍ അറസ്റ്റിലായ ബിനീഷ് ഏഴുമാസത്തിലധികമായി പരപ്പന അഗ്രഹാര ജെയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശ്രുശ്രൂഷിക്കാനായി നാട്ടില്‍ പോകാന്‍ ഇടക്കാല ജാമ്യം തേടിയിരുന്നെങ്കിലും അതും കോടതി അനുവദിച്ചിരുന്നില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!