കൊടകര കുഴൽപ്പണ ഇടപാട്: ധർമരാജന് തടയിടാൻ പൊലീസ്, ഇഡിക്ക് ഉടൻ റിപ്പോർട്ട് നൽകും

By Web TeamFirst Published Jun 9, 2021, 10:37 AM IST
Highlights

സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും. പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധർമരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം

തൃശ്ശൂർ: കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ധർമരാജന് തടയിടാൻ സംസ്ഥാന പൊലീസ്. എൻഫോഴ്സ്മെന്‍റിന് ഉടൻ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. ഹവാല പണം പിടികൂടിയതിന്‍റെ വിശദാംശങ്ങൾ ഇഡിയെ അറിയിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മേയ് ഒന്നിന് ആദ്യഘട്ട റിപ്പോർട്ട് പൊലീസ് നൽകിയിരുന്നു. പ്രാഥമിക വിവരങ്ങളായിരുന്നു നേരത്തെ കൈമാറിയത്. മൂന്നര കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പൊലീസ് അറിയിക്കും.

സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും. പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധർമരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. വിശദമായ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിന്‍റെ സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടും. കോടതിയിലും ധർമരാജനെതിരെ ശക്തമായ നിലപാടെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പിടികൂടിയത് ബിസിനസ് ആവശ്യത്തിനുളള പണമല്ലെന്നും കളളപ്പണമാണെന്നും പൊലീസ് നിലപാടെടുക്കും. അന്വേഷണം പൂർത്തിയാകും വരെ പണം വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെടും. ധർമരാജന്റെ നീക്കം അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത് തടയാനാണെന്നാണ് പൊലീസ് വിലയിരുത്തൽ.

കേസിൽ കവർച്ചാ പണം വിട്ടുകിട്ടണമെന്ന ധർമ്മരാജന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് ധർമ്മരാജൻ ഹർജി നൽകിയിരിക്കുന്നത്.  പോലീസിന് നല്‍കിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും പറയുന്നത് വ്യത്യസ്ത വിവരങ്ങളാണ്. ധര്‍മരാജന്റെ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാകും അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

click me!