
ബംഗളൂരു: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകർ കർണാടക ഹൈക്കോടതിയിലേക്ക്. ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖയെ വിവരങ്ങൾ ധരിപ്പിക്കാൻ ആണ് ശ്രമം. ബിനീഷിനെ കാണാൻ വന്ന സഹോദരനേയും അഭിഭാഷകരെയും മടക്കി അയച്ചിരുന്നു. അതേസമയം, ബെംഗളൂരു ലഹരി കേസ് എൻഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ തീരുമാനം നിർണായകമാണ്.
ലഹരിമരുന്ന് കേസുകൾ ബംഗളൂരു നഗരത്തിൽ വളരെയധികം കൂടിയ സാഹചര്യത്തിൽ കഴിഞ്ഞ മാസമാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തോട് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ യെദ്യൂരപ്പ സർക്കാർ ആവശ്യപ്പെട്ടത്. കർണാടകത്തിലെ ഇന്റലിജൻസ് സംവിധാനങ്ങളെയെല്ലാം ഉപയോഗിച്ച് തയ്യറാക്കിയ ഈ റിപ്പോർട്ടാണ് ഉടൻ സർക്കാരിന് മുമ്പിൽ എത്തുക. നഗരത്തിൽ നടക്കുന്ന ലഹരിമരുന്ന് ഇടപാടുകളിലെ പ്രതികൾക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായടക്കം ബന്ധമുണ്ടെന്ന നിഗമനത്തിലാണുള്ളത്. അത്തരത്തിൽ ഒരു കേന്ദ്ര ഏജൻസി വിഷയത്തിൽ അന്വേഷണം നടത്തണമെന്ന ശുപാർശയോടുകൂടിത്തന്നെയാണ് ആ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുമ്പിലേക്കെത്തുന്നത്. എൻഐഎ കേസ് അന്വേഷണത്തിനെത്തും എന്ന് തന്നെയാണ് പുറത്തുവരുന്ന സൂചനകൾ.
ഇന്നും ബിനീഷിന്റെ ചോദ്യം ചെയ്യൽ തുടരും. ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കസ്റ്റഡി അപേക്ഷ ഇഡി നൽകിയപ്പോൾ അതിനെ എതിർക്കുന്നതിനടക്കം സെഷൻസ് കോടതിയിൽ ഹാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു. ശേഷം രണ്ട് മുതിർന്ന അഭിഭാഷകരാണ് ബിനീഷിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വക്കാലത്ത് ഏറ്റെടുത്ത ഉടൻ തന്നെ അവർ ഇഡി ഓഫീസിലേക്കെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അനുവാദം ലഭിച്ചില്ല. അതിനു ശേഷം ബിനോയ് കോടിയേരിയടക്കമുള്ളവരെ ഓഫീസിലെത്തിച്ച് അഭിഭാഷകർ സന്ദർശനത്തിന് അനുമതി തേടിയെങ്കിലും അവരെ മടക്കി അയച്ചു. ഉദ്യോഗസ്ഥരുമായി നേരിയ തോതിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ഇതിനു ശേഷമാണ്, പ്രതിയെ കാണാൻ അനുവദിക്കാത്ത നടപടിക്കെതിരെ കർണാടക ചീഫ് ജസ്റ്റിസിനെ കാണാൻ ശ്രമിക്കുമെന്ന് അഭിഭാഷകർ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam