'ബിനീഷിൻ്റെ കുടുംബാംഗങ്ങളെ വീട്ടിനുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നു'; ഇഡിക്കെതിരെ ബന്ധുക്കളുടെ പരാതി

By Web TeamFirst Published Nov 5, 2020, 10:08 AM IST
Highlights

ബന്ധുക്കളെ കാണാനോ സംസാരിക്കാനോ ഇഡി ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പൊലീസിന് പുറമെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: ബിനീഷിൻ്റെ ഭാര്യയെയും കുഞ്ഞിനെയും ഭാര്യയുടെ മാതാപിതാക്കളെയും വീട്ടിനുള്ളിൽ തടഞ്ഞുവച്ചിരിക്കുന്നതായി ബന്ധുവിന്‍റെ പരാതി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെയാണ് പൊലീസില്‍ പരാതി നൽകിയിരിക്കുന്നത്. പൂജപ്പുര പൊലീസിലാണ് ബിനീഷിൻ്റെ അമ്മാവൻ പ്രദീപ് പരാതി നൽകിയത്. ബന്ധുക്കളെ കാണാനോ സംസാരിക്കാനോ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഇതിന് പുറമെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ബന്ധുക്കള്‍ പരാതി നൽകിയിട്ടുണ്ട്.

ബിനിഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നാടകീയ രംഗങ്ങള്‍ തുടരുകയാണ്. ബിനീഷിന്‍റെ ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി ബന്ധുക്കളെ പൊലീസ് തടഞ്ഞു. പൂജപ്പുര പൊലീസ് ബന്ധുക്കളോട് മടങ്ങി പോവാൻ ആവശ്യപ്പെട്ടു. എന്നാല്‍, ബിനീഷിന്‍റെ ഭാര്യയെ കാണാതെ തിരികെ പോവില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. ബിനീഷിന്‍റെ ഭാര്യ വീട്ടുതടങ്കലിലെന്നാണ് ബന്ധുക്കളുടെ ആരോപണം.

അതേസമയം, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുകയാണ്. പരിശോധനയ്ക്കായി ഇന്നലെയാണ് രാവിലെയാണ് മുരുകുമ്പുഴയിലെ ബിനീഷിന്‍റെ കോടിയേരി എന്ന വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ തുടരുന്നത്. അനൂപ് മുഹമ്മദിൻ്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിൻ്റെ കുടുംബം ആരോപിക്കുന്നു. 

click me!