ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കും, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ്: മുംബൈ പൊലീസ്

By Web TeamFirst Published Jun 20, 2019, 1:29 PM IST
Highlights

പീഡനക്കേസിൽ ബിനോയിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് മുംബൈ പൊലീസ്. കേരളത്തിലുള്ള പൊലീസ് സംഘം അവിടെത്തന്നെ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശൈലേഷ് പാസൽവാർ.

മുംബൈ/കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ ബിനോയിയെ കസ്റ്റഡിയിലെടുക്കുമെന്ന് മുംബൈ പൊലീസ്. ഇതിനായാണ് അന്വേഷണ സംഘത്തിന് നിർദേശം നൽകിയതെന്നും ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും കേരളത്തിലെത്തിയ മുംബൈ പൊലീസ് അറിയിച്ചു. കേരളത്തിലുള്ള പൊലീസ് സംഘം അവിടെത്തന്നെ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശൈലേഷ് പാസൽവാർ വ്യക്തമാക്കി.

രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷമാണ് മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം കേരളത്തിലെത്തിയത്. സ്ഥലത്തുണ്ടെങ്കിൽ ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് തലശ്ശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയത്. ആവശ്യമെങ്കിൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചു. ഫോൺ രേഖകൾ അടക്കമുള്ള തെളിവുകൾ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. 

എന്നാൽ, ബിനോയിയെ നേരിൽ കാണാൻ മുംബൈ പൊലീസിനായില്ല. ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് നോട്ടീസ് നൽകിയാണ് മുംബൈ പൊലീസ് സംഘം തലശ്ശേരിയിൽ നിന്ന് മടങ്ങിയത്. ബിനോയ് കോടിയേരി ഒളിവിലാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘം എസ്പിയുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. 

അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്‍മെന്‍റുകളും പൊലീസ് പരിശോധിക്കും. അതേസമയം, വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരായ പരാതിയെക്കുറിച്ച് കേന്ദ്രനേതാക്കൾ പ്രതികരിക്കേണ്ടെന്ന് അവെയ്‍ലബിൾ പിബിയില്‍ ധാരണയായി. 

Also Read: ബിനോയ്‍ക്കെതിരായ പരാതി; അവെയ്‍ലബിൾ പിബി ചർച്ച ചെയ്തു; പ്രതികരിച്ച് വഷളാക്കേണ്ടെന്ന് തീരുമാനം

click me!