ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയെ കുറിച്ച്  അവെയ്‍ലബിൾ പിബി ചർച്ച ചെയ്തു. പരാതിയെക്കുറിച്ച് കേന്ദ്ര നേതാക്കൾ പ്രതികരിക്കേണ്ടെന്നാണ് ദില്ലിയിൽ ചേര്‍ന്ന അവൈലബിൾ പോളിറ്റ് ബ്യൂറോയിൽ തീരുമാനം. പരാതി പാർട്ടി നേതൃത്വത്തിനോ, ഘടകകങ്ങൾക്കോ കിട്ടിയില്ല എന്നും കേന്ദ്ര നേതാക്കൾ വിശദീകരിച്ചു.

സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദകാരാട്ട്, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവര്‍ പങ്കെടുത്ത അവൈലബിൾ പിബിയിൽ ബിനോയ് കൊടിയേരിക്കെതിരെയുള്ള പീഡന പരാതി ചര്‍ച്ച ചെയ്തു. പരാതിയെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ ഇതിൽ ഇടപെടേണ്ടതില്ല എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. ഇതേകുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച് വിഷയം ആളികത്തിക്കേണ്ടതില്ല എന്നും അവൈലബിൾ പിബി തീരുമാനിച്ചു.

പരാതിക്കാരി പാർട്ടി നേതൃത്വത്തെ നേരത്തെ ഇക്കാര്യം അറിയിച്ചു എന്ന റിപ്പോര്‍ട്ടുകൾ കേന്ദ്ര നേതാക്കൾ നിഷേധിച്ചു. എന്തെങ്കിലും പരാതിയോ കത്തോ ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളിൽ വന്ന അറിവ് മാത്രമാണ് ഇക്കാര്യത്തിലുള്ളതെന്നും കേന്ദ്ര നേതാക്കൾ വിശദീകരിച്ചു. അതുകൊണ്ട് ഇതേകുറിച്ച് പ്രതികരിക്കുന്നതും ഉചിതമല്ല. മാത്രമല്ല, പരാതി ഏതെങ്കിലും പാർട്ടി നേതാവിന് എതിരേയുമല്ല. അതുകൊണ്ട് അന്വേഷണം അന്വേഷണത്തിന്‍റെ വഴിക്ക് നീങ്ങട്ടെ  എന്നും ബിനോയ് കൊടിക്കെതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെങ്കിൽ നിയമനടപടികൾ നേരിടട്ടേ എന്നുമാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ബിനോയിയ്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് നോട്ടീസ്.