മന്ത്രിമാർക്ക് ബഹു. എന്ന് അഭിസംബോധന, സർക്കുലറിനെ എതിർത്ത് ബിനോയ് വിശ്വം, 'തിരുത്തുകയാണ് നല്ലത്'

Published : Sep 21, 2025, 11:29 AM IST
binoy viswam

Synopsis

കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളം. കോടതി പോലും കൊളോണിയൽ രീതികൾ മാറ്റുകയാണ്. സർക്കാർ പുറത്തിറക്കിയ ഈ നിർദ്ദേശം തിരുത്തുകയാണ് നല്ലതെന്ന് ബിനോയ് വിശ്വം. 

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാരെ ബഹു. ചേർത്ത് വിളിക്കണം എന്ന തീരുമാനത്തെ എതിർത്ത‌് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളമെന്നും സർക്കാർ പുറത്തിറക്കിയ ഈ നിർദ്ദേശം തിരുത്തുകയാണ് നല്ലതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കോടതി പോലും കൊളോണിയൽ രീതികൾ മാറ്റുകയാണെന്നും ബിനോയ് വിശ്വം വിശദീകരിച്ചു. 

മന്ത്രിമാരെ ഇനി 'ബഹു' എന്ന് അഭിസംബോധന ചെയ്യണം, സർക്കുലർ

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി 'ബഹു' എന്ന് അഭിസംബോധന ചെയ്യണമെന്നായിരുന്നു പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ നീക്കം. ​സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് 'ബഹു' എന്ന് ചേർക്കണം. മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദ്ദേശം പാലിക്കണമെന്നും ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു.

നേതാക്കൾ ബഹുമാനം നേടേണ്ടത് അവരുടെ സേവനത്തിലൂടെയാണെന്ന് ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്തിരുന്നു. എന്നാൽ, പരാതികളിൽ പോലും ബഹുമാനം നിർബന്ധമാക്കുന്നതിലൂടെ സർക്കാർ ഒരുതരം പിന്തിരിപ്പൻ നയമാണ് സ്വീകരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ​മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത് ഇതിന് വിപരീതം ​രാജ്യത്തെ പല ഹൈക്കോടതികളും 'Your Lordship' പോലുള്ള കൊളോണിയൽ കാലഘട്ടത്തിലെ ബഹുമതികൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ജഡ്ജി കെ. ചന്ദ്രു 2009-ൽ തന്നെ ഈ പ്രയോഗം ഒഴിവാക്കിയിരുന്നു. 2016-ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും 'സർ' എന്ന അഭിസംബോധന മതിയെന്ന് തീരുമാനിച്ചു. എന്നാൽ, കേരളം ഈ മാറ്റങ്ങൾക്ക് വിപരീത ദിശയിൽ സഞ്ചരിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ഇത് പരിഷ്കരണത്തിന് വിപരീതമായ നീക്കമാണെന്നും, പരാതികൾ പരിഹരിക്കുന്നതിന് പകരം മന്ത്രിമാരുടെ പദവിക്ക് പ്രാധാന്യം നൽകുന്നതാണെന്നും അവർ കുറ്റപ്പെടുത്തുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം